ഗാന്ധിനഗർ: വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോഷണം പോയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. കുടമാളൂർ വാസുദേവപുരം ക്ഷേത്രത്തിനു സമീപം കുമ്മണ്ണൂർ നന്ദകുമാറിന്റെ ബുള്ളറ്റാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്.
രാത്രി 12 വരെ വീട്ടിൽ ആളുകൾ ഉറങ്ങിയിരുന്നില്ല. ഇതിനുശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ വീട്ടുമുറ്റത്തു സൂക്ഷിച്ചിരിക്കുകയായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചത്.
താക്കോലും ഹെൽമറ്റും ബുള്ളറ്റിൽ തന്നെ ഉണ്ടായിരുന്നു. ഉടമ ഇത് എടുത്തു വയ്ക്കാൻ മറന്നിരുന്നു. അതോടൊപ്പം മറ്റൊരു ബൈക്ക് മോഷ്ടാക്കൾ മതിലിനു വെളിയിൽ കൊണ്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വാസുദേവപുരം ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിൽ പൊതുവെ ജനസഞ്ചാരം കുറവാണ്. അതുകൊണ്ടു തന്നെ പ്രദേശത്ത് കഞ്ചാവ് മാഫിയകളും മോഷ്ടാക്കളും വിലസുകയാണ്. പ്രദേശവാസികളല്ലാത്ത നിരവധി യുവാക്കളാണ് പകൽ സമയത്തു പോലും ഇവിടെ കറങ്ങി നടക്കുന്നത്.
ക്ഷേത്ര ദർശനത്തിനു കാൽനടയായി പോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നു കളഞ്ഞ സംഭവം പ്രദേശത്തുണ്ടായിട്ടുണ്ട്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.