
വിഴിഞ്ഞം : കടലിൽ കാണാതായ നാലു പേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെ കോവളം ഗ്രോബീച്ചിനും പൂന്തുറക്കും സമീപത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജോൺസൺ ക്ളീറ്റസ് ( 25 ), മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ വിഴിഞ്ഞം തീരദേശ പോലീസ് ബോട്ടിൽ മൃതദേഹങ്ങൾ കരയിലെത്തിച്ചു.
ഇന്ന് രാവിലെയാണ് തെരച്ചിലിനിടയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ സാബു ജോർജ്ജ് (23), സന്തോഷ് വർഗീസ് (25) എന്നിവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-.പുല്ലുവിള സ്വദേശികളും സുഹൃത്തുക്കളുമായ 10 അംഗ സംഘത്തിലെ ജോൺസൺ ക്ളീറ്റസ് ജോലി സംബന്ധമായി ഇന്ന് വിദേശത്ത് പോകാനിരിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ ഭാഗമായാണ് സംഘം ഇന്നലെ വൈകിട്ട് നാല് മണിയോടെ ആഴിമല കടൽതീരത്തെത്തിയത്. ഇതിൽ ഒരാൾ ആറുമണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു.
ഇയാളെ രക്ഷപ്പെടുത്താനായി മറ്റ് മൂന്ന്പേർ കൂടി കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപെട്ടു. ഇതിൽ ആദ്യം തിരയിൽപ്പെട്ട പുല്ലുവിള സ്വദേശി നിക്കോൾസൺ (25) നെ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളിന്റെ സഹായത്തോടെ രക്ഷപ്പടുത്തി ആശുപത്രിയിലാക്കി.