ന്യൂഡൽഹി: പെരുമ്പാവൂരിൽനിന്നും അൽ-ഖ്വയ്ദ ഭീകരർ പിടിയിൽ. പെരുന്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ മൂന്ന് ഭീകരരാണ് പിടിയിലായത്.
രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഇന്ന് ഒൻപത് ഭീകരരാണ് പിടിയിലായത്. ആറ് ഭീകരരെ പശ്ചിമബംഗാളിലെ മൂർഷിദാബാദിൽനിന്നുമാണ് പിടികൂടിയതെന്നും എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു..
പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനായിരുന്നു പദ്ധതി. വ്യാജരേഖകൾ നിർമിച്ചാണ് ഇവർ കേരളത്തിൽ താമസിച്ചിരുന്നത്. പെരുന്പാവൂരിൽ ഇവർ കുടുംബമായാണ് താമസിച്ചിരുന്നത്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവരെല്ലാം പശ്ചിമബംഗാൾ സ്വദേശികളാണെന്നാണ് വിവരം.