കൊട്ടാരക്കര: മുനിസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ ആശങ്കയുയർത്തും വിധം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇടയ്ക്കൊന്നു കുറഞ്ഞു വന്ന രോഗവ്യാപനമാണ് വീണ്ടും ശക്തി പ്രാപിക്കുന്നത്.
25 ലധികം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് രോഗബാധയുണ്ടായത് അധികൃതരെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഇവർക്കെല്ലം ചികിൽസാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക ദുഷ്കരമാണ്.
ജനത്തിരക്കുള്ള നഗരമായതിനാൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരിലധികവും ഡ്രൈവർക്ക് അപരിചിതരായിരിക്കും. കെഎസ്ആർറ്റിസി, സ്വകാര്യ ബസ് സ്റ്റാന്റുകൾക്ക് സമീപമുള്ള സ്റ്റാന്റുകൾക്ക് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റുകളിലെ ഡ്രൈവർമാർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ബസിറങ്ങിയ ശേഷം ഓട്ടോയിൽ യാത്ര ചെയ്യുന്നവരിലധികവും ആരാണെന്നോ എവിടെ നിന്നു വന്നവരാണെന്നോ അറിയാൻ കഴിയില്ല. ഇതാണ് ഇപ്പോൾ അധികൃതരെ കുഴയ്ക്കുന്നത്.കൊട്ടാരക്കര നഗരസഭയിലെ മൂന്നു വാർഡുകൾ ഇപ്പോൾ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണത്തിലാണ്.
ഓരോ ദിവസവും നടന്നു വരുന്ന പരിശോധകളിൽ മുനിസിപ്പൽ പ്രദേശത്ത് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ എട്ടു പേർക്കാണ് കോവിഡ് പോസിറ്റീവായത്.ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 140 ആന്റിജൻ ടെസറ്റാണ് നടന്നത്.
12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ എട്ടും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലാണ്. വെളിയം -രണ്ട്, ഉമ്മന്നൂർ – ഒന്ന്, മൈലം – ഒന്ന് എന്നിങ്ങനെയാണ് മറ്റു കണക്കുകൾ
കോവിഡ് നിയന്ത്രണങ്ങൾ പൊതു സമൂഹം പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സാമുഹ്യ അകലം പാലിക്കാത്തതും കൂട്ടം കൂട്ടുന്നതും വ്യാപനത്തിനിടയാക്കുന്നു. ചില ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ട്.
പല ഹോട്ടലുകളിലും കോവിഡ് നിയമം പാലിക്കാതെ ആളുകളെ ഇരുത്തി ഭക്ഷണം നൽകി വരുന്നുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ രോഗ വ്യാപനതോത് വർധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക. ഈ സ്ഥിതി തുടർന്നാൽ വീണ്ടും കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വരും