ആലുവ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കാമുകി കാലുമറി. ഇല്ലാക്കഥകൾ നിരത്തി കാമുകി കേസുകൊടുത്ത സങ്കടത്തിൽ കാമുകൻ പോലീസ് സ്റ്റേഷനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് യിവാവി നെ താഴെയിറക്കിയത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് ഇന്നലെ രാവിലെ ഈ പ്രണയ ദുരന്തം അരങ്ങേറിയത്.പാലക്കാട് സ്വദേശിയായ യുവാവ് സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുകയാണ്. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന കാമുകി ആലുവ സ്വദേശിനിയും. അഞ്ച് വർഷത്തോളമായിട്ട് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നത്രെ.
വീട്ടുകാർ തമ്മിൽ വിവാഹമുറപ്പിച്ചിരുന്നതായും പറയുന്നു. സാമ്പത്തികമായി ഉയർന്നനിലയിലുള്ള യുവാവ് എട്ടു ലക്ഷത്തോളം രൂപ യുവതിയുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ചെലവഴിച്ചിരുന്നു. കൂടാതെ ഇരുവരുമൊന്നിച്ച് യാത്രകളും പതിവായിരുന്നത്രെ.
എന്നാൽ വിവാഹാലോചന മുറുകിയതോടെ കാമുകിയും അമ്മയും ഈ ബന്ധത്തിൽ നിന്നു പിൻമാറുകയായിരുന്നെന്ന് പറയുന്നു. എന്നാൽ ചെറുപ്പക്കാരൻ ബന്ധത്തിൽനിന്നു പിൻമാറാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ ഇന്നലെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. പ്രശ്നങ്ങളുടെ നിജസ്ഥിതി മനസിലാക്കിയെങ്കിലും പോലീസാകട്ടെ നിസഹായവസ്ഥയിലുമായി.
സ്റ്റേഷനിലെ ചർച്ചകൾക്കിടയിൽ ഏതോ ഒരു അജ്ഞാതൻ തന്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ അയച്ചു തന്നുവെന്നു പറഞ്ഞ യുവതി ഈ തുക യുവാവിന് തിരികെ നൽകുകയും ചെയ്തുതു.
ബാക്കി ആറു ലക്ഷത്തിന്റെ കണക്കറിയില്ലെന്ന് പറഞ്ഞ് യുവതിയും അമ്മയും ഒഴിഞ്ഞുമാറി. യുവാവിന് വിവാഹം ആലോചിച്ചിരുന്നുവെന്നും മാനസികനില ശരിയല്ലാത്തതിനാൽ ബന്ധത്തിൽനിന്നും ഒഴിയുകയായിരുന്നെന്നും പറയുന്നു.
കാര്യങ്ങൾ എല്ലാം അറിയാവുന്ന യുവതിയുടെ പിതാവ് യുവാവിന് അനുകൂലമായിട്ടാണ് പോലീസിന് മൊഴി കൊടുത്തത്. മകളുടെ ഭാവി തകർക്കുന്നതിനു പിന്നിൽ അമ്മയുടെ ദുർനടപ്പാണെന്ന് പിതാവ് തുറന്നടിക്കുകയും ചെയ്തു.
പെൺകുട്ടി പൂർണമായും കൈയൊഴിഞ്ഞപ്പോഴാണ് എല്ലാവരുടെയും മുന്നിൽ വച്ച് യുവാവ് ആത്മഹത്യക്കൊരുങ്ങിയത്.തക്കസമയത്ത് ഫയർഫോഴ്സ് എത്തിയതുകൊണ്ട് യുവാവിന്റെ ജീവൻ തിരിച്ചുകിട്ടി. ഒടുവിൽ സിഐയും മറ്റു പോലീസുകാരും യുവാവിനെ പറഞ്ഞ് ആശ്വസിപ്പിച്ച് വീട്ടുകാരോടൊപ്പം നാട്ടിലേക്ക് തിരിച്ചയച്ചു.