കോട്ടയം: തിരുവഞ്ചൂരിൽ വൈദ്യുതി ലൈനിൽ ഇന്റർ ലിങ്കിംഗ് പണി നടത്തുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചതു വൈദ്യുതി വകുപ്പിന്റെ വീഴ്ചയെന്നു ആരോപണം. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നിനു തിരുവഞ്ചൂർ കവലയിലാണ് ദാരുണ സംഭവം നടന്നത്.
ഇന്റർ ലിങ്കിംഗ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടയിൽ ഈരാറ്റുപേട്ട ചെമ്മലമറ്റം സ്വദേശി വാഴയിൽ ജോജോ ജോയി (ജിജി, 37)ആണു മരിച്ചത്.
ത്രീ ഫേസ് ലൈൻ വലിക്കുന്നതിനായി പോസ്റ്റിൽ കയറിയ ജോജോയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ കൂടി വൈദ്യുതി പ്രവാഹം ഉണ്ടായി ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങുകയായിരുന്നു.
ബോധം നഷ്ടപ്പെട്ടു ലൈനിൽ കുടുങ്ങി കിടന്ന ജോജോയെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ലൈനിൽ നിന്നെടുത്തത്.
രണ്ടു ട്രാൻസ്ഫോമറുകളിൽ നിന്നും വൈദ്യുതി എത്തിക്കുന്ന ഇന്റർലിങ്ക് പോസ്റ്റിലായിരുന്നു പണി പുരോഗമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ട്രാൻസ്ഫോമറുകളും ഓഫ് ചെയ്തു പോസ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ഇതിനിടിയൽ ഒരു ട്രാൻസ്ഫോമർ ഓണ്‍ ചെയ്യുകയും ജോജോ ജോലി ചെയ്തിരുന്ന ഭാഗത്തെ ലൈനിലേക്ക് വൈദ്യുതി പ്രവാഹിക്കുകയുമായിരുന്നു എന്നാണ് അതികൃതരുടെ ഭാഷ്യം.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ഓഫ് ചെയ്തിരുന്ന ട്രാൻസ്ഫോമർ ഓണ്‍ ചെയ്തത് എന്തിനെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച ജോജോ സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നെങ്കിലും ഇന്റർലിങ്ക് പോസ്റ്റിൽ ജോലി ചെയ്യുന്പോൾ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ വൈദ്യുതി വകുപ്പ് വിഭാഗം പാലിച്ചില്ലെന്നാണ് ആരോപിക്കുന്നത്.
ഷോക്കേറ്റു പോസ്റ്റിൽ കുടുങ്ങിക്കിടന്ന ജോജോയെ ഇതുവഴിയെത്തിയ ബസിനു മുകളിൽ കയറിയാണ് താഴേക്ക് ഇറക്കിയത്. ബസിനു മുകളിൽ കിടത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വീണ. മക്കൾ: ആബേൽ, അതുൽ, ആൽഫിയ.