
കൊച്ചി: എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരില്പ്പെട്ട പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ മൊസറഫ് ഹസന് 10 വര്‍ഷം മുമ്പേ കേരളത്തിലെത്തിയതാണ്. 2000ലാണ് വിവിധ ജോലികള്‍ക്കായി ഇയാള്‍ പെരുമ്പാവൂരിലെത്തിയത്.
തുടര്‍ന്ന് ഇവിടെ നിര്‍മാണ ജോലികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്തു വരികയായിരുന്നു. പെരുന്വാവൂര്‍ മുടിക്കലില്‍ ഒരു വാടകവീട്ടില്‍ കുടുംബസമേതമാണ് കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ അഞ്ചുവര്‍ഷം മുമ്പാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്.
നിര്‍മാണ ജോലികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്തുവരികയായിരുന്ന ഇയാള്‍ കുറച്ചു നാളായി പെരുമ്പാവൂരിലെ ഒരു തുണിക്കടയിലാണ് ജോലി നോക്കിയിരുന്നത്. ഇയാളോടൊപ്പം പിടിയിലായ ഇയാക്കൂബ് ബിശ്വാസും വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലെത്തിയിരുന്നതായാണ് വിവരം.
ഇയാള്‍ പെരുമ്പാവൂരില്‍ കണ്ടന്തറയിലുള്ള ഒരു ഹോട്ടലില്‍ ജോലി നോക്കി വരികയായിരുന്നു. പെരുമ്പാവൂര്‍ പാത്തിപ്പാലം കണ്ടന്തറ റോഡിലെ ഒരു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
കളമശേരി പാതാളത്തുനിന്നും പിടിയിലായ മുര്‍ഷിദാബാദ് സ്വദേശി മൂര്‍ഷിദ് ഹസന് രണ്ടുമാസത്തിലേറെയായി ഇവിടെ താമസിച്ചുവരികയാണ്. ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് മൂര്‍ഷിദ് ഹസന് താമസിച്ചിരുന്നത്.
പാതാളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ സ്ഥിരമായി ജോലിക്ക് പോകാറില്ലായിരുന്നു.
കൂടുതല്‍ സമയവും സമൂഹമാധ്യമങ്ങളിലായിരുന്നു ഇയാളെന്നും വീട്ടില്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയായതിനാല്‍ ജോലിക്ക് പോകാത്തതാണെന്നാണ് പറഞ്ഞിരുന്നതെന്നും കൂടെ താമസിച്ചിരുന്നവര്‍ പറയുന്നു.
ഇയാളെ രണ്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഇവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പോലീസിന് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.