ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽനിന്നുള്ള ഈ ഗവ. അധ്യാപകന്റെ പേര് രുദ്ര റാണ. അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സന്പാദിക്കാനുള്ള ജോലി മാത്രമല്ല, മറിച്ച് ജീവവായു കൂടിയാണ്.
സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഛത്തീസ്ഗഡിലെ നിരവധി പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടമായി. ഇത്തരം വിദ്യാർഥികളെ പഠനത്തിലേക്ക് കൊണ്ടുവരാൻ എന്താണൊരു വഴി?രുദ്ര ഇതിനൊരു പരിഹാരം കണ്ടു.
രാവിലെ ബൈക്കുമായി നിർധനരായ വിദ്യാർഥികളുടെ താമസസ്ഥലത്തേക്കു പോവുക. എന്നിട്ട് അവിടെയുള്ള പാവപ്പെട്ട കുട്ടികളെ സംഘടിപ്പിച്ച് അവർക്കായി ഒരു അടിപൊളി ക്ലാസ് എടുക്കുക. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡും ചോക്കുമൊക്കെ കൈയിൽ കരുതിയിട്ടുണ്ട്.
“വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാത്തതിനാൽ, ഞാൻ വിദ്യാഭ്യാസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു. പല വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല.
അതിനാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. കുട്ടികളെല്ലാം സന്തോഷത്തോടെയാണ് ക്ലാസിലെത്തുന്നത്. മാസ്കും സാനിറ്റൈസറും ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകൾ നടത്തുന്നത്. സന്പർക്കം ഇല്ലാത്തതിനാൽ കോവിഡ് ഭീഷണിയെ ഭയക്കേണ്ട.
ബൈക്കിൽ ബ്ലാക്ക് ബോർഡും ചോക്കും സാനിറ്റൈസറും മാസ്കുമെല്ലാം കരുതിയാണ് നിർധനരായ കുട്ടികളുടെ അടുത്തേക്കു പഠിപ്പിക്കാനായി പോകുന്നത്. സുരക്ഷിതമായ സ്ഥലത്ത് ബെക്കിൽ വലിയ കുട കെട്ടിവച്ച് അതിനു താഴെ ബ്ലാക്ക് ബോർഡ് സെറ്റ് ചെയ്താണ് ഞാൻ പഠിപ്പിക്കുന്നത്.
റെഡിമെയ്ഡ് ക്ലാസ് റൂം സെറ്റ് ചെയ്താലുടൻ ഞാൻ മണിയടിക്കും. അപ്പോൾ കുട്ടികളെല്ലാം സന്തോഷത്തോടെ വരും. അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർഥനകൾ നടത്തി ക്ലാസ് ആരംഭിക്കും. സിലബസ് അനുസരിച്ചാണ് ക്ലാസുകൾ എടുക്കുന്നത്.
-രുദ്ര റാണ പറയുന്നു. കുട്ടികളും സാറിന്റെ ഈ നന്മയെ വല്ലാതെ ഇഷ്ടപ്പെടുന്നു. തങ്ങൾ സ്കൂളിൽ പോയി പഠിക്കുന്ന അനുഭവമാണ് സാറിന്റെ ക്ലാസിൽ പങ്കെടുക്കുന്പോൾ ലഭിക്കുന്നതെന്ന് അവർ പറഞ്ഞു.