കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ തന്നോടൊപ്പം നിൽക്കുന്നവരെ അവഗണിച്ചതായി കെ.സുധാകരന്റെ പരാതി. സജീവ പ്രവർത്തനത്തിൽ നിന്ന് മാറി നില്ക്കുന്നവരെ പലരെയും ഗ്രൂപ്പിന്റെ പേരിൽ പരിഗണിച്ചപ്പോൾ തന്നോടൊപ്പം നിന്ന പലരെയും തഴഞ്ഞതായാണ് പരാതി.
കെ.സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ നേരിട്ട് കണ്ട് പരാതി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50 വർഷം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധാകരൻ. കെപിസിസിയിൽ ഒരു ജനറൽ സെക്രട്ടറി സ്ഥാനമാണ് തങ്ങൾക്ക് ലഭിച്ചത്.
അതും കെ.സുരേന്ദ്രൻ മരിച്ചതിന്റെ ഒഴിവിൽ. അഡ്വ.മാർട്ടിൻ ജോർജിനാണ് ആ സ്ഥാനം നല്കിയത്.കെ.സുധാകരൻ ഉൾപ്പെടുന്നത് ഐ വിഭാഗത്തിലാണെങ്കിലും ജില്ലയിൽ സുധാകര വിഭാഗത്തിന് പുറത്തു നിന്നുള്ളവർക്കാണ് മൂന്ന് ജനറൽ സെക്രട്ടറിമാരുള്ളത്.
അഡ്വ.സജീവ് ജോസഫ്, സജീവ് മാറോളി, വി.എ നാരായൺ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എ വിഭാഗത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചെങ്കിലും സുധാകരപക്ഷത്തിന് ലഭിച്ചില്ലെന്നാണ് പരാതി.