മട്ടന്നൂർ: ചാവശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കൂറ്റൻ മരം അപകട ഭീഷണിയുയർത്തുന്നു. റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണുള്ളത്.
മരത്തിന്റെ അടിവേരുകൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. ഇത് കടപുഴകി വീണാൽ നിരവധി വൈദ്യുത തൂണുകൾ തകരുകയും സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നാശമുണ്ടാകുകയും ചെയ്യും.
രാപകലില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
കഴിഞ്ഞ മാസം മട്ടന്നൂർ വായാന്തോട് റോഡരികിലെ മരത്തിന്റെ ശിഖരം പൊട്ടി ബൈക്കിന് മുകളിൽ വീണു മാലൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.
ഇതിനു ശേഷം പൊതുമരാമത്ത് വകുപ്പ് അപകടമുണ്ടാക്കിയ മരം മുറിച്ചു നീക്കുകയും ചെയ്തിരുന്നു. സ്കൂളിന് സമീപത്തെ മരം മുറിച്ചു നീക്കി അപകടം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.