അന്പലപ്പുഴ: ഈ അക്ഷരമുറ്റത്തുനിന്ന് അറിവുപകർന്നത് നിരവധിപ്പേർ. എന്നാൽ പ്രായാധിക്യത്താൽ നിലംപറ്റാറായ കെട്ടിടത്തിലേക്ക് പിൻതലമുറയിലെ കുരുന്നുകളെ പറഞ്ഞയയ്ക്കാൻ ആരും തയാറാകുന്നില്ല.
അന്പലപ്പുഴ കോമന എൻഎസ്എസ് 1572-ാം നന്പർ കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള കെ. കുഞ്ഞൻകുറുപ്പ് മെമ്മോറിയൽ എൽപി സ്കൂളാണ് തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ തകർച്ചയുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നത്.
പ്രദേശത്തെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് കെ. കുഞ്ഞൻകുറുപ്പ് നൽകിയ 59 സെന്റ് സ്ഥലത്താണ് എൽപി സ്കൂൾ ആരംഭിക്കുന്നത്. ഒന്നുമുതൽ നാലുവരെ വിവിധ ഡിവിഷനുകളിലായി 250 ഓളം കുട്ടികളുണ്ടായിരുന്നു ആദ്യകാലങ്ങളിൽ.
എന്നാൽ കാലപ്പഴക്കം ചെന്ന് സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ കുട്ടികളെ ഇരുത്താൻ രക്ഷാകർത്താക്കൾ തയാറാകാതെ വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. നാലു ഡിവിഷനുകളിലായി 30 കുട്ടികളാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ പുതിയ അധ്യാപക നിയമനവും നടക്കുന്നില്ല. പ്രഥമഅധ്യാപികയ്ക്ക് പുറമേ മറ്റൊരു അധ്യാപകൻ മാത്രമാണുള്ളത്.
താത്കാലിക അധ്യാപകരെ നിയമിച്ച് സ്കൂളിനെ മുന്നോട്ടുകൊണ്ടുപോകാൻ മനേജ്മെന്റിനും മറ്റ് വരുമാനങ്ങളില്ല. നിലവിലുള്ള അധ്യാപകരാണ് ശന്പളം നൽകി രണ്ടു താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുള്ളത്. സുനാമി പദ്ധതിയിൽ ഉൾപ്പെടുത്തി 2007ൽ രണ്ടുമുറികളുള്ള ഒരു കെട്ടിടം പണിതു.
ഓഫീസ് മുറിയിൽ തന്നെയാണ് ഒന്നാം ക്ലാസും ലൈബ്രറിയും സ്റ്റോറും കന്പ്യൂട്ടർ ക്ലാസും നടക്കുന്നത്. രണ്ടും മൂന്നും ക്ലാസുകൾ നടക്കുന്നത് പഴയകെട്ടിടത്തിലെ മുറികളിലാണ്. സ്കൂളിന്റെ ശോച്യാവസ്ഥ നേരിൽകണ്ട മന്ത്രി ജി. സുധാകരൻ പാചകപ്പുര നിർമിക്കാനുള്ള ഫണ്ട് നൽകി. പണിപൂർത്തീകരിച്ച കെട്ടിടം 2018 ൽ ഉദ്ഘാടനം ചെയ്തു. വൈദ്യുത ചാർജ്, പഠനോപകരണങ്ങൾ, കുട്ടികൾക്കുള്ള വാഹനസൗകര്യങ്ങൾ ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത് രണ്ട് അധ്യാപകരും കൂടിയാണ്.
പുതിയ കെട്ടിടവും ചുറ്റുമതിലും നിർമിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായാൽ പ്രദേശത്തെ കുട്ടികൾക്ക് മറ്റിടങ്ങളിൽ പോകാതെ ഇവിടെ തന്നെ പഠിക്കാനാകും. കുട്ടികൾ 60നുമേൽ ഉണ്ടങ്കിലേ പുതിയ നിയമനങ്ങൾക്കും അംഗീകാരം ലഭിക്കുകയുള്ളു. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുറച്ച് കുരുന്നുകളും.