തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് തൊടുപുഴ താലൂക്കിലാണ്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 44 സെന്റീമീറ്റർ മഴയാണ് തൊടുപുഴ താലൂക്കിൽ പെയ്തത്. ശക്തമായ മഴയെ തുടർന്ന് തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നു.
മലങ്കര അണക്കെട്ടിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയതോടെ പുഴയുടെ ഇരുകരകളിലും വെള്ളം കയറി.
നദീ തീരങ്ങളിലെ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്നും വാട്ടർ അഥോറിറ്റി ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ കടകളിലേയ്ക്ക് വെള്ളം കയറുന്നതായി പരാതി ഉയർന്നു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തോടിനു സമീപത്തുള്ള വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞിരുന്നു. ഇതോടെ തോട്ടിലെ വെള്ളമൊഴുക്ക് തടസപ്പെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങളിലും വർക്ക്ഷോപ്പിലും വെള്ളം കയറി സാധനങ്ങൾ നശിക്കാനിടയായത്. നഗരസഭ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.