പെരുമ്പാവൂര്‍: നീണ്ട 16 വർഷം…. ഒടുവിൽ ഓർമയുടെ ഇരുളറകളിലേക്ക് വെളിച്ചമെത്തി ആ അമ്മ സ്വയം തിരിച്ചറിഞ്ഞതോടെ മകൻ അവർക്കരികിലേക്ക് പാഞ്ഞെത്തി.
കൂവപ്പടി ബെത്ലഹേം അഭയഭവനിലെ അന്തേവാസി പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശിനി പാര്‍വതിയെ തേടിയാണ് മകന് മണികണ്ഠനും മറ്റു ബന്ധുക്കളുമെത്തിയത്.
മാനസിക നിലതെറ്റി വീടുവിട്ടുപോയ അമ്മയെ വർഷങ്ങൾക്കുശേഷം കണ്ട മകൻ കണ്ണീരടക്കാൻ ഏറെ പാടുപെട്ടു. മുത്തങ്ങൾകൊണ്ട് അമ്മയെ പൊതിഞ്ഞു.
കാണാതായ അമ്മയെത്തേടി വർഷങ്ങൾ അലഞ്ഞെങ്കിലും നിരശനായി കഴിയവേയാണ് അഭയഭവന് ഡയറക്ടര്‍ മേരി എസ്തപ്പാന്റെ കത്ത് മണികണ്ഠനെ തേടിയെത്തുന്നത്.
2004ൽ മാനോനില തെറ്റി കാണാതായ പാർവതിയെ 2007 ജൂലൈയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ചേർന്ന് ചാലക്കുടിയിൽനിന്ന് അഭയഭവനിൽ എത്തിച്ചത്.
ചിട്ടയായ പരിചരണവും ചികിത്സയും നൽകി വന്നതോടെ കൗൺസിലിംഗിനെത്തുന്നവരോട് ഇവർ ഒരോ സ്ഥലങ്ങളും വീട്ടുപേരുകളും മറ്റും പറഞ്ഞു തുടങ്ങിയിരുന്നു.
ഇത്തരത്തിൽ പറയുന്ന വിലാസങ്ങളിലേക്ക് കത്തെഴുതി ഫയലുകളിൽ സൂക്ഷിക്കുക പതിവാണെങ്കിലും ചികിത്സകൾ ഫലം കണ്ടു തുടങ്ങിയതോടെ പാർവതി വ്യക്തമായി തന്റെ പേരും വിലാസവും ഓർത്തെടുക്കുകയായിരുന്നു.
മകനെക്കൂടാതെ പാർവതിയുടെ സഹോദരീപുത്രിയും അവരുടെ രണ്ടു കുട്ടികളുമടങ്ങുന്നവരാണ് അഭയഭവനിലെത്തിയത്. ഒടുവിൽ നിയോഗംപോലെ തിരികെക്കിട്ടിയ നിധിയെ കൈയിൽ ചേർത്തുപിടിച്ചുകൊണ്ട് മണികണ്ഠനും ബന്ധുക്കളും അഭയഭവന്റെ പടികളിറങ്ങി.