ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തന്ത്രപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിനു ചോർത്തിയ സംഭവത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തകനായ രാജീവ് ശർമയും ഇയാൾക്ക് വൻതുക പ്രതിഫലം നൽകിയ ചൈനീസ് യുവതിയും അറസ്റ്റിൽ.
കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷനുള്ള മുതിർന്ന ഫ്രീലാൻസ് ജേർണലിസ്റ്റായ രാജീവ് ശർമ ചൈനീസ് ഇന്റലിജൻസിന് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്നു ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു.
ഇയാളിൽ നിന്നു പ്രതിരോധ വകുപ്പിലെ ഏതാനും രേഖകളും കംപ്യൂട്ടറുകളും മൊബൈലുകളും കണ്ടെ ടുത്തതായും പോലീസ് അറിയിച്ചു. ഡൽഹി പീതാംപുരയിൽ വീട്ടിൽ നിന്നു കഴിഞ്ഞ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത രാജീവിനെ കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ 18 മാസത്തിൽ രാജീവ് ശർമയ്ക്കു പ്രതിഫലമായി 40 ലക്ഷം രൂപ വ്യാജ കന്പനിയുടെ അക്കൗണ്ടിലൂടെ കൈമാറിയെന്നു പോലീസ് പറയുന്നു.
പണം നൽകിയതിനാണ് ചൈനക്കാരിയായ യുവതിയെയും ഇവരുടെ നേപ്പാളിയായ കൂട്ടാളിയെയും പോലീസ് അറസ്റ്റു ചെയ്തത്.
ഒൗദ്യോഗിക രഹസ്യ നിയമ ലംഘനത്തിന് അറസ്റ്റു ചെയ്ത പത്രപ്രവർത്തകനെ വിശദമായി ചോദ്യം ചെയ്ത ശേഷമേ എന്തെങ്കിലും വിലപ്പെട്ട രേഖകളോ, രഹസ്യങ്ങളോ ചോർത്തിയിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് സൂചന നൽകി.
വാർത്താ ഏജൻസിയിലും ചില പത്രങ്ങളിലും ജോലി ചെയ്തിട്ടുള്ള രാജീവ് ശർമ ചൈനയുടെ ഗ്ലോബൽ ടൈംസിൽ വാർത്തകളും ലേഖനങ്ങളും എഴുതിയിരുന്നു.
നേരത്തെ പ്രതിരോധ, വിദേശകാര്യ വാർത്തകളായിരുന്നു ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനു പുറമെ ഇന്ത്യയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചില ഓണ്ലൈൻ മാധ്യമങ്ങളിലും സ്വതന്ത്രമായി പത്രപ്രവർത്തനം നടത്തിവരികയായിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.