സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കബാലിക്കായി സിനിമാലോകവും ആരാധകരും മാത്രമല്ല കാത്തിരിക്കുന്നത്. രാഷ്ട്രീയക്കാരും കബാലിക്കായുള്ള കാത്തിരിപ്പിലാണ്. രാഷ്ട്രീയക്കാര്‍ക്കെന്ത് സിനിമയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ മുഴുവന്‍ കേട്ടിട്ട് പറ. കര്‍ണാടകയിലെ രാജരാജേശ്വരി അസംബ്ലി മണ്ഡലത്തിലെ എംഎല്‍എയായ മുനിരത്ന നായ്ഡുവാണ് സൈക്കോളജിക്കല്‍ മൂവ്മെന്റുമായി വോട്ടര്‍മാരെ പിടിക്കാനിറങ്ങിയത്. പുള്ളിക്കാരന് ചെയ്തത് ഇത്രേയുള്ളു. കബാലി റിലീസ് ചെയ്യുന്ന നാലു തിയേറ്ററുകളിലെ ആദ്യ ദിവസത്തെ മുഴുവന്‍ ഷോയും എംഎല്‍എ സാര്‍ അങ്ങ് ബുക്ക് ചെയ്തു.
ബന്ധുക്കള്ക്കുവേണ്ടിയൊന്നുമല്ല ഈ നല്ല കാര്യം ചെയ്തത്. സ്വന്തം മണ്ഡലത്തിലെ ആരാധകര്ക്കുവേണ്ടിയായിരുന്നു ഈ സാഹസം. കാരണം മറ്റൊന്നുമല്ല, വോട്ടര്‍മാരില്‍ ഭൂരിപക്ഷവും തമിഴ് വംശജരാണ്. പോരാത്തതിനു കട്ട രജനി ഫാനും. ആദ്യ ദിനം തന്നെ ഫ്രീയായി സിനിമ കാണാനാകുന്നതിന്റെ ത്രില്ലിലാണ് വോട്ടര്‍മാര്‍. ടിക്കറ്റ് കിട്ടാത്തവര്‍ ഇനി വോട്ട് മറിച്ചുകുത്തുമോ എന്നു മാത്രം അറിഞ്ഞാല്‍ മതി.