പത്തനംതിട്ട: മിൽമയോടു സാമ്യമുള്ള കവറുകളിൽ പാൽ വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്നു.
ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ ചില കന്പനികൾ പാൽ വിപണിയിൽ എത്തിക്കുന്നതിനെതിരെ തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻ നൽകിയിട്ടുള്ള പരാതിയിൽ നടപടിയെടുത്തില്ലെന്ന് ആക്ഷേപം.
ഓണക്കാലത്തു പോലും വിപണിയിൽ പാൽ പരിശോധന കാര്യക്ഷമമായിരുന്നില്ല. കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കൾ പലയിടത്തും പരാതിയുമായി കടകളിൽ എത്തുന്നുമുണ്ട്.
ഒറ്റ നോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിൽ നിറച്ചാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
പലയിടത്തും കച്ചവടക്കാരും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് കവറു പാലുകളും ഇടകലർത്തി വിൽക്കുന്നതായും പരാതി ഉയരുന്നു.
പലപ്പോഴും ഉപഭോക്താക്കൾ തട്ടിപ്പ് മനസിലാക്കാതെ വ്യാജ ഉത്പന്നങ്ങളാണ് വാങ്ങുന്നത്. പലതവണ ആകുന്പോഴാണ് തട്ടിപ്പ് പലർക്കും മനസിലാകുന്നത്. നിലവാരമില്ലാത്ത പാലുകളാണ് മിൽമയുടെ അപരനായി എത്തുന്നത്.
മിൽമപാൽ അരലിറ്റർ കവറുകളിലാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ സമാനമായ കവറുകളിൽ എത്തിക്കുന്നത് 450 എംഎൽ പാലാണ്.
മിൽമയുടെ ഏജൻസികളെ തെരഞ്ഞുപിടിച്ചാണ് ഇവരും കച്ചവടം കൊഴുപ്പിക്കുന്നത്. മിൽമ നൽകുന്ന കമ്മീഷനെക്കാൾ മൂന്ന് രൂപ അധികത്തിൽ നൽകുന്നതിനാൽ പലവ്യാപാരികളും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നു.