കോഴഞ്ചേരി: നമ്മുടെ വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ നല്ലൊരു കൃഷിക്കാരനാണ്. അദ്ദേഹത്തെ നമുക്ക് മാതൃകയാക്കാം…. പല വേദികളിലും പലരും ഇതു പറയുന്പോൾ പ്രകാശ് കുമാറിന് അഭിമാനം ഉയരും.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാര്‍ നല്ലൊരു കൃഷിക്കാരനാണെന്നതിനു നാട്ടുകാർ തന്നെയാണ് സാക്ഷികൾ.
ഗ്രാമപഞ്ചായത്തിലെ 12,13 വാര്‍ഡുകളില്‍ വ്യാപിച്ചുകിടക്കുന്ന തണുങ്ങാട്ടില്‍ പാടശേഖരത്തിലെ തരിശായി കിടക്കുന്ന 10 ഹെക്ടര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കഴിഞ്ഞ നാലു വര്‍ഷമായി നെല്‍കൃഷി ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 40 ടണ്‍ നെല്ല് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 25 ടണ്‍ നെല്ലുമാത്രമേ ലഭിക്കുന്നുള്ളുവെന്ന് പ്രകാശ് പറഞ്ഞു. “ഉമ’ എന്ന വിത്താണ് ഉപയോഗിക്കുന്നത്.
കൃഷി വകുപ്പിന്റെ സഹായത്തോടെ പാരമ്പര്യ കൃഷി സമ്പ്രദായത്തോടൊപ്പം ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുപയോഗിച്ചും ആധുനിക രീതിയിലാണ് കൃഷി നടത്തുന്നത്.
നെല്‍പ്പാടം ഒരുക്കി വിത്തുവിതയ്ക്കുന്നതുമുതല് കൊയ്യുന്നതുവരെ ഏകദേശം ഒരു ലക്ഷം രൂപ ചെലവു വരും. സപ്ലൈകോയാണ് നെല്ല് വാങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയില്‍ തന്റെ കൃഷിയും ഈ വര്‍ഷം ഉള്‍പ്പെട്ടതുകൊണ്ട് പാട്ടത്തിന് കൊടുക്കേണ്ട തുകയില്‍ ഒരു വിഹിതം സര്‍ക്കാര്‍ നല്കുന്നുണ്ടെന്നതും ആശ്വാസകരമാണ്.
നെല്‍കൃഷിയോടൊപ്പം സ്വകാര്യവ്യക്തികളുടെ അഞ്ചിലധികം കുളങ്ങളും ജലാശയങ്ങളും പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തുന്നുണ്ട്. ഗ്രാഹു, കട്ടള, കരിമീന്‍, സിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണുള്ളത്.
ഇതിനോടൊപ്പം 500 ലധികം ഏത്തവാഴ കൃഷിയും നടത്തുന്നുണ്ട്. സമീപ കാലത്ത് തൊഴില്‍ രഹിതരായ യുവാക്കളെ സംഘടിപ്പിച്ച് ആട് ഫാം ആരംഭിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രകാശ് കുമാര്‍ കോഴഞ്ചേരി പഞ്ചായത്ത് മെംബറാകുന്നത്. സിപിഐയുടെ സജീവാംഗവും ഭാരവാഹിയുമൊക്കെയായ അദ്ദേഹത്തിന് പാർട്ടിതലത്തിലും തിരക്കുകളുണ്ട്.
ഏതു പ്രതിസന്ധികളിലും കൃഷി ഒരു ജീവിത മാര്‍ഗമാണെന്ന തന്റെ തിരിച്ചറിവ് യുവതലമുറയിൽ വർധിച്ചുവരുന്നതിലും അദ്ദേഹം സന്തുഷ്ടനാണ്.