മുക്കൂട്ടുതറ: തലയണത്തടം പള്ളിപ്പടിക്കടുത്ത് കടയിലെ സിസി ടിവി കാമറകളിൽ രാത്രിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് അമ്പതോളം കാട്ടുപന്നികൾ റോഡിലൂടെ കൂട്ടമായി സഞ്ചരിക്കുന്നത്.
വനത്തിൽ നിന്നെത്തി മാസങ്ങളായി തിരികെ മടങ്ങാതെ നാട്ടിലെ റബർത്തോട്ടം താവളമാക്കിയ പന്നിക്കൂട്ടങ്ങളാണ് രാത്രിയിലും പുലർച്ചെയുമായി വിഹരിച്ചുകൊണ്ടിരിക്കുന്നത്.
മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ അർധരാത്രി മുതൽ പന്നികൾ ഇറങ്ങിത്തുടങ്ങും. മേഖലയിലെ നിരവധിപ്പേരുടെ കൃഷികൾ ഇതിനോടകം ഇവ നശിപ്പിച്ചു.
രാത്രിയിൽ പന്നികളെ കണ്ട് വീടുകളിലെ വളർത്തുനായകൾ നിർത്താതെ കുരയ്ക്കുന്നത് പതിവായിരിക്കുകയാണ്. പന്നികളുടെ മൂർച്ചയേറിയ തേറ്റ കൊണ്ടുള്ള ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ്.
മുക്കൂട്ടുതറ കെഒടി റോഡിൽ ജലവിതരണ പദ്ധതിയുടെ വാട്ടർ ടാങ്കിന് സമീപത്തുള്ള രണ്ട് റബർത്തോട്ടങ്ങളാണ് പന്നികൾ താവളമാക്കിയിരിക്കുന്നത്.
ടാപ്പിംഗ് നിലച്ച തോട്ടങ്ങളാണ് രണ്ടും. കാടുകൾ വളർന്ന ഈ തോട്ടങ്ങളിൽ കുറഞ്ഞത് 200 ഓളം പന്നികളുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. വനത്തിൽ നിന്നെത്തി ഇവിടെ താവളമാക്കി പെറ്റുപെരുകിയതാണ് എണ്ണം വർധിക്കാൻ കാരണം.
ബെന്നിക്കുണ്ടായ നഷ്ടം ചില്ലറയല്ല
ഇടകടത്തി റോഡരികിൽ താമസിക്കുന്ന വടക്കേടത്ത് ബെന്നി തന്റെ പറമ്പിൽ കൃഷിചെയ്ത 350 ഏത്ത വാഴ വിത്തുകൾ നട്ട് ദിവസങ്ങൾ കഴിയും മുമ്പേ പന്നികൾ കൂട്ടമായെത്തി തകർത്തുതരിപ്പണമാക്കി.
വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്നു വാങ്ങിയ ഞാലിപ്പൂവൻ വാഴ വിത്തുകൾ 350 എണ്ണം ഇതേ കുഴികളിൽ പിന്നീട് വീണ്ടും നട്ടെന്ന് ബെന്നി പറഞ്ഞു.
ദിവസങ്ങൾ കഴിയും മുമ്പേ പന്നിക്കൂട്ടങ്ങളെത്തി ഇവയും നശിപ്പിച്ചു. 40 ഓളം പറങ്കി മാവ് തൈകൾ അടുത്ത ആഴ്ചയിൽ വീണ്ടും നട്ടു. എന്നാൽ പന്നികൾ പിന്നെയും എത്തി നശിപ്പിച്ചെങ്കിലും വാഴ വിത്തുകളോട് കാട്ടിയ പരാക്രമം പറങ്കിമാവ് തൈകളോട് കാട്ടിയില്ല. 12 തൈകൾ മാത്രം നശിക്കാതെ അവശേഷിച്ചിട്ടുണ്ട്!.
കൃഷി ചെയ്യാൻ ഭയന്ന് നാട്ടുകാർ
കപ്പയും ചേമ്പും ചേനയും കാച്ചിലും എന്നു വേണ്ട സകല നാടൻ കാർഷിക വിളകളും മുക്കൂട്ടുതറ മേഖലയിൽ കാട്ടുപന്നികൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ കർഷകരാണ് ഈ മേഖലയിൽ തീരാ ദുരിതത്തിലായിരിക്കുന്നത്.
കൃഷികൾ നട്ട് വളരുന്നതിന് മുമ്പേ പന്നികളെത്തി തേറ്റകൾ കൊണ്ട് ഉഴുതുമറിച്ചാണ് വിത്തുകൾ പിഴുതെടുത്തെറിയുന്നതെന്ന് കർഷകർ പറയുന്നു.
മരം വരെ കുത്തിക്കീറാൻ കഴിയുന്ന മൂർച്ചയാണ് തേറ്റയ്ക്കുള്ളത്. ശക്തമായ വേഗത്തിൽ പന്നികൾ വന്ന് തേറ്റ കൊണ്ട് കുത്തിയാൽ മനുഷ്യർക്ക് മരണം വരെ സംഭവിക്കാം.
പന്നികൾ കടക്കാത്ത വിധം കൃഷി സ്ഥലത്തിന്റെ ചുറ്റും ഉയരമേറിയ ടിൻ ഷീറ്റ് നിർമിത വേലികളാണ് പ്രതിരോധമായി മിക്കവരും സ്വീകരിച്ചിരുന്നത്.
കൂട്ടത്തോടെ തുടർച്ചയായി കുത്തിയാണ് പന്നികൾ പലപ്പോഴും വേലി തകർക്കുക. വേലി നിർമാണത്തിന് ചെലവ് കൂടും. സാമ്പത്തിക പ്രയാസങ്ങൾ മൂലം പലർക്കും വേലികൾ നിർമിക്കാൻ കഴിയാറുമില്ല.