കറുകച്ചാൽ: റോഡരികിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ കൂട്ടത്തോടെ മോഷണം പോയ സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉണർവ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംഗ്്ഷനു സമീപം റോഡരികിൽ നട്ടുപരിപാലിച്ചിരുന്ന സ്നേക് പ്ലാന്റ് ഇനത്തിൽപ്പെട്ട ഇരുന്നൂറോളം ചെടികളാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷണം പോയത്.
അസോസിയേഷൻ അംഗമായ ശങ്കരമംഗലം സാജുമോനാണ് ഒന്പതു വർഷത്തോളമായി ചെടികൾ പരിപാലിച്ചിരുന്നത്. 150 രൂപയോളം വിലവരുന്ന ചെടികൾ മൂടോടെ പിഴുതാണ് കൊണ്ടുപോയത്.
ഇത് മറ്റാർക്കെങ്കിലും വിൽക്കാനായി കൊണ്ടുപോയതാകാമെന്നാണ് കരുതുന്നതായി അസോസിയേഷൻ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. പ്രദേശത്തെ സിസിടവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.