
യഥാർഥ കാറുകളുടെ കുഞ്ഞൻ മാതൃകയായി എത്തുന്ന കളിക്കാറുകൾ എല്ലാ കുട്ടികൾക്കും ഹരമാണ്. ഉത്സവപ്പറന്പുകൾ മുതൽ ആ കാറുകളുടെ “ഷോറൂമുകൾ’ ഉണ്ടാകാറുണ്ട്.
ചുവന്ന ലൈറ്റിനുള്ളിൽ തീപ്പൊരിയുണ്ടാക്കി ലൈറ്റ് കത്തിക്കുന്ന കാറുകൾ ഒരുകാലത്ത് ആഢംബരമായിരുന്നു. ബാറ്ററിയിടുന്നതും ചാർജ് ചെയ്യുന്നതുമായ കളിപ്പാട്ടങ്ങൾ വരുന്നതിനു മുന്‍പത്തെ കാലമായിരുന്നു അത്.
ഇവിടെയിതാ, കോടീശ്വരന്മാരുടെ കളിപ്പാട്ടം എത്തിയിരിക്കുന്നു. കോടീശ്വരന്മാരുടെ എന്ന് എടുത്തുപറയുന്നത് വെറുതെയല്ല, ഈ കളിപ്പാട്ട കാറിന് മോഹവില ഏതാണ്ട് മുപ്പതുകോടി രൂപയാണ്! ഏതു കാറിന്റെ മാതൃകയാണ് ഇതെന്നറിയേണ്ടേ? ആസ്റ്റണ്‍ മാർട്ടിൻ ഡിബി5-ന്റെ! അതെ, സാക്ഷാൽ ജയിംസ് ബോണ്ട് കാറിന്റെ!!
ബോണ്ട് കാർ!
വർഷം 1964. ഗോൾഡ്ഫിംഗർ എന്ന ബോണ്ട് ചിത്രം ഇറങ്ങിയത് അക്കൊല്ലമാണ്. ആസ്റ്റണ്‍ മാർട്ടിൻ ഡിബി5 കാർ ആദ്യമായി വെള്ളിത്തിരയിൽ ബോണ്ടിനൊപ്പമെത്തി.
തണ്ടർബോൾ, ഗോൾഡൻ ഐ, ടുമോറോ നെവർ ഡൈസ്, കസീനോ റൊയാൽ, സ്കൈഫാൾ, സ്പെക്റ്റർ തുടങ്ങിയ ചിത്രങ്ങളിലും ഡിബി5 ബോണ്ടിനൊപ്പം കഥാപാത്രമായി.
കഥാപാത്രം എന്നു പറഞ്ഞതു വെറുതെയല്ല. ബോണ്ടിന് കാർ എന്നത് ഒരു പീരങ്കിയോ കവചിത വാഹനമോ ഒക്കെയാണ്. ശത്രുക്കളെ നിഷ്പ്രഭരാക്കാൻ ബോണ്ടിനെ സഹായിക്കുന്നത് കാറാണ്. അതിനുള്ള ഒട്ടേറെ സന്നാഹങ്ങൾ ആസ്റ്റണ്‍ മാർട്ടിൻ ഡിബി5-ൽ ഉണ്ട്.
എന്തൊക്കെയാണവ?
കാറിന്റെ ഇൻഡിക്കേറ്ററിനുള്ളിൽനിന്ന് പുറത്തേക്കു തള്ളിവരുന്ന മെഷീൻ ഗണ്ണുകൾ! സിനിമയിലല്ലാതെ അതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ. നമ്മുടെ എതിർവശത്തുനിന്ന് ഒരു കാർ വരുന്നു,
പെട്ടെന്ന് അതിന്റെ ഇൻഡിക്കേറ്ററുകൾ മുകളിലേക്കുയർന്ന് ഉള്ളിൽനിന്ന് യന്ത്രത്തോക്കുകൾ തീതുപ്പുന്നു! എന്തൊരതിശയകരമായ രംഗമായിരിക്കും. ജയിംസ് ബോണ്ട് സിനിമകളിൽ നാമിത് ധാരാളം കണ്ടിട്ടുണ്ട്.
മെഷീൻ ഗണ്‍ മാത്രമല്ല കാറിൽ- ചേയ്സ് ചെയ്തു വരുന്നവരെ തടയാൻ കാർ പിന്നിലേക്കു പുകതുപ്പും, പിന്നിലെ വാഹനങ്ങളെ തെന്നിമറിച്ചിടാൻ റോഡിലേക്ക് എണ്ണയൊഴുക്കും, വാഹനങ്ങളെ ഇടിച്ചിടാൻ ടയറുകളുടെ വശങ്ങളിൽനിന്ന് കൂറ്റൻ ഉരുക്കുദണ്ഡുകൾ പുറത്തേക്കുവരും,
കാർ എന്തെങ്കിലും അപകടത്തിൽപ്പെട്ടാൽ സീറ്റ് തനിയെ ഇജക്ട് ചെയ്ത് പുറത്തെത്തും, നന്പൻ പ്ലേറ്റ് തിരിഞ്ഞുകൊണ്ടിരിക്കും… അങ്ങനെ എന്തെല്ലാം അദ്ഭുതങ്ങൾ! ബുള്ളറ്റ് പ്രൂഫ് തുടങ്ങിയ ചീളു കേസുകൾ പറയുന്നില്ലെന്നേയുള്ളൂ.
കാറിന്റെ ഉള്ളിലേക്കു വന്നാലോ- പുറത്തേക്കുള്ള എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കാൻ ഒരു കണ്ട്രോൾ പാനലുണ്ട്. ഹാൻഡ് റെസ്റ്റിനു താഴെയാണ് ഇത്. റഡാർ സ്ക്രീൻ സംവിധാനം,
ഡ്രൈവറുടെ ഭാഗത്തെ ഡോറിൽ ഫോണ്‍, ഗിയർ നോബിൽ സ്വിച്ചുകൾ, സീറ്റിനടിയിൽ ആയുധങ്ങൾ സൂക്ഷിക്കാനുള്ള പ്രത്യേക അറ, റിമോട്ട് കണ്ട്രോൾ സംവിധാനം തുടങ്ങിയവയും ഉള്ളിൽ കാണാം.
റെപ്ലിക്ക 25 എണ്ണം! എല്ലാം വിറ്റു
ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളുമായി അതേ മാതൃകയിൽ 25 റെപ്ലിക്കകളാണ് ആസ്റ്റണ്‍ മാർട്ടിൻ നിർമിച്ചത്. ഇൻഡിക്കേറ്ററുകളിൽ ഇരട്ട മെഷീൻ ഗണ്ണുകളുണ്ട് (വെടിയുതിർക്കാൻ പറ്റില്ല!), നന്പർ പ്ലേറ്റുകൾ തിരിയും, പിന്നിൽ പുകമറയുണ്ടാക്കാം
(നമ്മുടെ നാട്ടിൽ ഇക്കാര്യത്തിൽ തോൽപ്പിക്കാൻ പറ്റാത്ത ചില വണ്ടികളുണ്ടെന്നത് വാസ്തവം), ബാറ്ററിംഗ് റാമുകളുണ്ട്, വെടിയുണ്ടയേൽക്കാത്ത ഷീൽഡുമുണ്ട്. എണ്ണ സ്പ്രേ ചെയ്യുന്നതിനു പകരമായി വെള്ളം ചീറ്റുകയും ചെയ്യും.
എല്ലാം 1964ൽ ഗോൾഡ്ഫിംഗറിൽ സീൻ കോണറി ഓടിച്ച ഡിബി5 കാറിനു തുല്യം. നിയന്ത്രണത്തിന് സെന്റർ കണ്‍സോളിൽ സംവിധാനങ്ങളുണ്ട്. ഒരുപക്ഷേ സിനിമയിൽ കാണിക്കുന്നതിനേക്കാൾ നന്നായി എല്ലാം പ്രവർത്തിക്കുകയും ചെയ്യും.
നോ ടൈം ടു ഡൈ
ജയിംസ് ബോണ്ട് സീരീസിലെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നോ ടൈം ടു ഡൈ. ഈ പരന്പരയിലെ ഇരുപത്തഞ്ചാമത് ചിത്രം. ഇയോണ്‍ പ്രൊഡക്ഷൻസിന്റെ ചിത്രത്തിൽ അഞ്ചാമത്തെയും അവസാനത്തെയും തവണ വിഖ്യാതനായ ഡാനിയേൽ ക്രെയ്ഗ് എത്തുന്നു- സീക്രട്ട് ഇന്റലിജൻസ് സർവീസ് അഥവാ എംഐ6 ഏജന്റ് ജയിംസ് ബോണ്ട് ആയി.
ചിത്രം കഴിഞ്ഞ ഏപ്രിലിൽ തിയേറ്ററുകളിൽ എത്താനിരുന്നതാണ്. കൊറോണ കാര്യങ്ങൾ തകിടംമറിച്ചതിനാൽ അതു നീട്ടിവച്ചു. ഇതിലും ഡിബി5 ആയിരിക്കും ബോണ്ടിന്റെ വാഹനം.
ഇത്രയെല്ലാം വന്പൻ വിലകൊടുത്തു വാങ്ങാവുന്ന കാറിൽ ഉണ്ടെങ്കിലും ഇത് റോഡിൽ ഇറക്കാൻ പറ്റില്ല. നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കോടീശ്വരന്മാർക്ക് കാർ വാങ്ങി വീട്ടുമുറ്റത്ത് കളിപ്പാട്ടമായി ഉപയോഗിക്കുകയേ തൽക്കാലം നിവൃത്തിയുള്ളൂ.
തയാറാക്കിയത്: വി.ആർ.