
തിരുവനന്തപുരം: കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സർക്കാർ വാടക നൽകേണ്ടി വരുന്നത് 10 കോടിയിൽ അധികം രൂപ.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റർ വാടകയുടെ വിവരങ്ങൾ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തി 1,70,63,000 രൂപ ആയിരുന്നു അനുവദിച്ച തുക.
ഒരു മാസം 20 മണിക്കൂർ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് എന്ന കന്പനിക്ക് നൽകണം.
ആദ്യ ഗഡു നൽകിയതിനെ തുടർന്നാണ് മാർച്ച് മാസത്തിൽ ഹെലികോപ്റ്റർ എത്തിയത്. തുടർന്ന് ഈ സാന്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടക കണക്കാക്കിയാൽ 10,23,76,800 രൂപയാണ് സർക്കാർ പവൻ ഹൻസിന് നൽകേണ്ടി വരുന്നത്.