തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്കി. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ യുഎഇ റെഡ് ക്രെസന്റിൽ നിന്നും ലഭിച്ച 19 കോടി രൂപയിൽ നിന്നും ഒന്പതുകോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്ന ആരോപണത്തിൽ 10 പേർക്കെതിരെ അനിൽ അക്കര എംഎൽഎ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.
ലൈഫ് മിഷൻ ചെയർമാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദേശസ്വയംഭരണ മന്ത്രി, സ്വപ്ന സുരേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണു പരാതി നല്‍കിയത്. പ്രതികൾക്കെതിരെ ഐപിസി ആക്ട് 120എ, 406, 408, 409, 420 എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ നല്‍കാതിരിക്കുന്നതു മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇതിൽ പങ്കുള്ളതുകൊണ്ടാണ്. 2019 ഓഗസ്റ്റ് 26 ന് നടന്ന യോഗം, 2019 ജൂലൈ 11 ന് നടന്ന യോഗം, 2019 ഒക്ടോബർ 16 ന് നടന്ന യോഗം, 2020 മേയ് 21 ന് നടന്ന യോഗം എന്നിവയുടെ മിനിട്സ് പരിശോധിച്ചാൽ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ മന്ത്രിയുടെയും പങ്കാളിത്തം വ്യക്തമാകും. ഇതിനാലാണ് ഈ രേഖകൾ പ്രതിപക്ഷ നേതാവിന് നൽകാത്തതെന്നു അനിൽ അക്കര പറഞ്ഞു.