പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതികളുടെ പക്കല്‍ നിന്നു കണ്ടെത്തിയ ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകര്‍ക്കു പണം തിരികെ നല്കുന്നതു സംബന്ധിച്ച നടപടികള്‍ക്കായി സൊസൈറ്റി രൂപീകരിക്കണമെന്ന നിര്‍ദേശവുമായി പോലീസ്.
2000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. നിലവില്‍ പോപ്പുലര്‍ ഉടമകളുടെ പക്കല്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 124 കോടി രൂപയുടെ ആസ്തി കണ്ടെത്തിയിട്ടുണ്ട്.
ഇതുപയോഗിച്ച് നിക്ഷേപകരുടെ ബാധ്യത തീര്ക്കാനാകുമോയെന്നതു പരിഗണിക്കേണ്ടത് ആര്ബിട്രേഷന് ബോര്‍ഡാണ്. നടപടി ക്രമങ്ങളുടെ ഭാഗമായി സൊസൈറ്റി രൂപീകരിക്കണമെന്ന നിര്‍ദേശമാണ് അന്വേഷണസംഘം നല്‍കിയിട്ടുള്ളത്.
ആരില്‍ നിന്ന് എത്ര പണം വാങ്ങി, എത്ര തിരികെ നല്കി, ബാധ്യത ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ രാജ്യത്തിനകത്തും പുറത്തുമായി വിനിയോഗിച്ച പണത്തിന്റെ കണക്ക്, നിക്ഷേപങ്ങള്‍, പണം സൂക്ഷിക്കാനായി ആരെയെങ്കിലും ഏല്പിച്ചിരുന്നോ, ഓസ്ട്രേലിയയിലെ ഇടപാടുകളിലെ പങ്കാളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ അന്വേഷണം ഇനി നടക്കാനുണ്ട്.
പലയിടങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് പോപ്പുലര്‍ ഉടമകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഉടമകളുടെ പക്കല്‍ നിന്ന് കൂടുതല്‍ പണം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ട്.
വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍ ആരംഭിച്ച് നിക്ഷേപം സ്വീകരിച്ച് വിദേശത്തേക്ക് അടക്കം കടത്തിയതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
ഇതേക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടന്നുവരികയാണ്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിദേശത്തെ പണമിടപാടുകള്‍ മാത്രം പ്രത്യേകം അന്വേഷിച്ചുവരികയാണ്.