പണ്ടൊക്കെ സിനിമയിലെ ഹാസ്യതാരങ്ങളായിരുന്നു നമ്മെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചുകൊണ്ടിരുന്നത്. പിന്നെ അതു മിമിക്സ് പരേഡുകളിലെ താരങ്ങളായി. ഇന്ന് അതു ടെലിവിഷൻ കോമഡി സ്കിറ്റുകളിലെ താരങ്ങളായി.
വിവിധ ചാനലുകളിലെ കോമഡി സ്കിറ്റ് പരിപാടികളിലൂടെ കാണികളുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ് പലരും. മിനി സ്ക്രീനിൽ ചിരി വിസ്മയം തീർക്കുന്ന താരങ്ങളിൽ പ്രധാനിയാണ് രശ്മി അനിൽകുമാർ എന്ന കായംകുളംകാരി. നടി മാത്രമല്ല ബിഎഡും പിജിയുമുള്ള അധ്യാപിക കൂടിയാണ് രശ്മി.
സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ഹാസ്യ നടിക്കുള്ള പ്രത്യേക ജൂറി പുരസ്കാരമാണ് രശ്മിക്കു ലഭിച്ചത്. അമൃത ടി വിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയാണ് അവാർഡ് നേടിക്കൊടുത്തത്. കായംകുളം കറ്റാനം പള്ളിക്കൽ സ്വദേശിനിയായ രശ്മി അനിൽ രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
പുരസ്കാരം വന്ന വഴി ?
അപ്രതീക്ഷിതം. ആദ്യമായിട്ടാണ് സംസ്ഥാന ടെലിവിഷൻ പുരസ്കാരം. അതും ഒരു കോമഡി സ്കിറ്റ് അവതരണത്തിൽ. അഭിനയം ഏറെ ഇഷ്ടമാണ്. പിന്നെ വരുമാന മാർഗവുമാണ്.
ദൈവത്തിനു നന്ദി. കോമഡി മാസ്റ്റേഴ്സ് പരിപാടിയുടെ സംവിധായകൻ അമർജിത്ത്, ആ സ്കിറ്റുകൾ എഴുതി പഠിപ്പിച്ച എബ്രഹാം തച്ചേരി, കോമഡിതാരം അനീഷ്ബാൽ, ശ്രീകാന്ത് വെട്ടിയാർ പിന്നെ കൂടെ അഭിനയിച്ച എല്ലാവരോടും നന്ദി. ഏറ്റവും കടപ്പാട് എന്റെ അനിലേട്ടനോടുതന്നെ.
നിഴലുപോലെ കൂടെനിന്ന് ഇഷ്ടങ്ങൾ അറിഞ്ഞു കലാപരമായി നൽകുന്ന ആ പ്രോത്സാഹനമാണ് എന്റെ ഊർജം. ഒപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും.
കലാരംഗത്തേക്കുള്ള വരവ് ?
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്തു മിമിക്രിയിലും മോണോ ആക്ടിലും പങ്കെടുത്തിരുന്നു. സബ് ജില്ലാ കലോത്സവങ്ങളിൽ ഉൾപ്പടെ കലോത്സവ വേദികളിലും പങ്കെടുത്തിട്ടുണ്ട്. ആദ്യമായി അരങ്ങിലെത്തുന്നത് കെപിഎസിയുടെ നാടകത്തിലൂടെയാണ്.
ഡിഗ്രി പഠനശേഷം കെ പിഎസിയുടെ തമസ് എന്ന നാടകത്തിൽ നായികയായും സ്കൂൾ കുട്ടിയായും ഇരട്ട വേഷം ചെയ്തു. പിന്നീട് കെപിഎസിയിൽ തോപ്പിൽ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രൻ എന്നീ നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.ഇതിനിടെ കായംകുളം എസ്എൻ വിദ്യാപീഠത്തിൽ മലയാളം അധ്യാപികയായി ഒന്നര വർഷം ജോലി ചെയ്തു.
ആദ്യം അഭിനയിച്ചത് മകൻ!
ഇളയ മകനു രണ്ടര മാസം പ്രായമായപ്പോൾ ഒരു സീരിയലിൽ അവനൊരു അവസരം കിട്ടി. ഒരു വർഷത്തോളം കുഞ്ഞിനെയുമായി സീരിയൽ സെറ്റുകളിൽ പോകേണ്ടിവന്നു.
ഇതിനിടെ, നാടകരംഗത്തുള്ള എന്റെ പരിചയം തിരിച്ചറിഞ്ഞ അണിയറ പ്രവർത്തകർ സീരിയലിൽ എനിക്കും അവസരംനൽകി. മിനിസ്ക്രീനിൽ ആദ്യം എത്തിയതു സീരിയലിൽ അഭിനയിച്ചാണ്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള സീരിയൽ ആയിരുന്നു അത്.
ചട്ടമ്പി സ്വാമിയുടെ അമ്മ ഭഗവതി എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. ആദ്യമായി കാമറയ്ക്കു മുന്നിൽ എത്തുന്നതും ഈ സീരിയലിലൂടെയാണ്. പിന്നീടു പരിണയം എന്ന സീരിയലിലും ചെറിയ വേഷം.
കോമഡിയിലേക്ക് എങ്ങനെ?
ചാനലിൽ കോമഡി ഫെസ്റ്റിവൽ എന്ന ഷോയിൽ പങ്കെടുക്കാൻ കോളജിൽ ഒന്നിച്ചു പഠിച്ച കോമഡിതാരം കൂടിയായ ഫിറോസ് കരുനാഗപ്പള്ളിയാണ് എന്നോടു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു: ഫിറോസേ ഞാൻ കോമഡി പറഞ്ഞാൽ കാണുന്നവർ ഒക്കെ ചിരിക്കുമോ? അതൊക്കെ നമുക്കു നോക്കാം രശ്മി പങ്കെടുക്കെന്നായിരുന്നു ഫിറോസിന്റെ മറുപടി.
അങ്ങനെ കോമഡി ഫെസ്റ്റിവൽ പരിപാടിയിൽ അഞ്ചംഗ ടീമിനൊപ്പം പങ്കെടുത്തു. ആദ്യ ഷോയിൽത്തന്നെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോമഡി സർക്കസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു. പിന്നീട് കോമഡി പരിപാടികളിലേക്ക് അവസരങ്ങൾ ഒഴുകിയെത്തിയെന്നു പറയാം.
ചിരി ഇഷ്ടപ്പെടുന്നവർ
തമാശകൾ ഇഷ്ടപ്പെടുന്ന ഒരുപാടു പേർ വിളിക്കാറുണ്ട്. മനസു വിഷമിച്ചിരിക്കുന്നവർ പലരും കോമഡി പരിപാടികൾ കണ്ടിട്ടു പറയുന്ന കാര്യങ്ങളാണ് മനസിൽ തട്ടിയിട്ടുള്ളത്. അവർക്കു മനസുതുറന്നു ചിരിക്കാൻ കഴിഞ്ഞെന്നു പറയുന്പോൾ തോന്നുന്ന സന്തോഷം ഒന്നു വേറെതന്നെ.
ഇതു പറഞ്ഞ് എനിക്കു ഗിഫ്റ്റുകൾ തന്നവർ പോലുമുണ്ട്. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണ്.
ഇതിനിടയിൽ സിനിമയിലും?
സിനിമയിൽ അഭിനയിക്കാനാകുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. 2012ൽ അനിൽ നാഗേന്ദ്ര സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികൾ എന്ന സിനിമയിലാണ് ചെറിയ വേഷത്തിൽ അഭിനയിച്ചത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസ്കുട്ടി, മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പൻ, ഒരു മുറെ വന്ത് പാർത്തായ, കരിങ്കണ്ണൻ തുടങ്ങിയ ഇരുപത്തിയഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ചിത്രീകരണം പൂർത്തിയായ രണ്ടു പുതിയ സിനിമകൾ വരാനുണ്ട്.
മമ്മൂക്ക ഞെട്ടിച്ചു
എന്നെ ശരിക്കും ഞെട്ടിച്ചതു മമ്മൂക്കയാണ്. മമ്മൂട്ടിയെ പോലൊരു മഹാനടൻ എന്നെപ്പോലുള്ള ഒരു ജൂണിയർ ആര്‍ട്ടിസ്റ്റിനെ അറിയാമെന്നു പറഞ്ഞപ്പോൾ ശരിക്കും അദ്ഭുതം തോന്നി. തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യം മമ്മൂക്കയെ നേരിൽ കാണുന്നത്.
മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞു വലിയ ആകാംക്ഷയായിരുന്നു എനിക്ക്. കണ്ടപ്പോള്‍ മമ്മൂക്ക പെട്ടെന്നൊരു ചോദ്യം, “ആഹാ ആരാത്?’. എന്നോടാണോ ചോദിച്ചതെന്ന സംശയത്തില്‍ ഞാന്‍ അറിയാതെ പിറകിലേക്കു തിരിഞ്ഞുനോക്കി.
എന്നോടു തന്നെയാണ് ചോദ്യമെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതു വലിയ അംഗീകാരമായി എനിക്കുതോന്നി. പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ വലിയ സന്തോഷം.
മമ്മൂക്കയെയും ലാലേട്ടനെയും ഇഷ്ടമാണ്. മമ്മൂക്കയെ കാണാനും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാനും കഴിഞ്ഞു. ഇനിയിപ്പോള്‍ ലാലേട്ടനെ നേരിൽ കാണണമെന്നും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നും ആഗ്രഹമുണ്ട്.
പഠന വഴികൾ ?
കറ്റാനം സിഎംഎസ് സ്കൂളിലായിരുന്നു പഠനം. പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചതു കായംകുളം എംഎസ് എം കോളജിലായിരുന്നു. നാഷണൽ സർവീസ് സ്കീമിൽ സജീവമായിരുന്നു. അങ്ങനെ സൗഹൃദവലയം ഉണ്ടായി.
കോളജ് കൂട്ടുകാർ വലിയ പ്രചോദനമായിരുന്നു. അടൂരിലെ കേരള യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബിഎഡ് നേടി. ഒന്നര വർഷം കായംകുളം എസ്എൻ വിദ്യാപീഠം സ്കൂളിൽ മലയാളം അധ്യാപികയായി ജോലി ചെയ്തു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി പിജിയും നേടി.
കോമഡി ഷോ അനുഭവങ്ങൾ ?
മറ്റുള്ളവരെ കോമഡി പറഞ്ഞു ചിരിപ്പിക്കുമ്പോൾ ഞാനും കോമഡി ആസ്വദിക്കാറുണ്ട്. ചിരിച്ചു മണ്ണുകപ്പും എന്നു പറയും പോലെ രണ്ടു തവണ കോമഡി ഷോയ്ക്കിടയിൽ കൂടെയുള്ളവരുടെ തമാശകൾകണ്ട് ചിരിച്ചു താഴെ വീണിട്ടുണ്ട്. ചിരിച്ചുചിരിച്ചു ബോധം കെട്ട അവസ്ഥ.
വീട്ടിലും കോമഡിയാണോ?
ആണോന്നോ… വീട്ടിലും തമാശകളുമായാണ് ഒാരോ ദിവസവും കടന്നുപോകുന്നത്. അനിലേട്ടനും മക്കൾക്കും അതാണിഷ്ടം. വീട്ടിൽ വരുന്നവരെയും എന്തെങ്കിലും ഒക്കെ വിശേഷങ്ങൾ പറയുമ്പോൾ തമാശ പറഞ്ഞു ചിരിപ്പിക്കാതെ വിടാറില്ല. അതവരും ആഗ്രഹിക്കുന്നുണ്ട്. സ്നേഹവും സന്തോഷവും നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു
കുടുംബത്തെക്കുറിച്ച് ?
അച്ഛൻ കൃഷ്ണപിള്ള, അമ്മ രത്നമ്മ. മൂത്ത ചേച്ചി ചിത്ര വിവാഹശേഷം ആലപ്പുഴയിൽ താമസിക്കുന്നു. അച്ഛനു കറ്റാനം കോയിക്കൽ ചന്തയിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. പുലർച്ചെ അച്ഛനും അമ്മയും ഹോട്ടലിൽ പോകും. പലപ്പോഴും ഹോട്ടൽ അടയ്ക്കുമ്പോൾ രാത്രി വൈകും. പലദിവസങ്ങളിലും അച്ഛനും അമ്മയും ഹോട്ടലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.
അന്നു കുട്ടികളായ ഞങ്ങളെ അമ്മൂമ്മയാണ് വാത്സല്യം നൽകി വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഹോട്ടൽ നിർത്തി. അന്നു ചെറിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. 2006ൽ ആയിരുന്നു അനിൽ ചേട്ടനുമായി വിവാഹം. അനിൽ ചേട്ടൻ പ്രവാസിയായിരുന്നു.
ഇപ്പോൾ നാട്ടിൽ കലാരംഗത്ത് എനിക്കു പിന്തുണയുമായി ഒപ്പമുണ്ട്. രണ്ടു മക്കൾ. മൂത്തവൾ കൃഷ്ണ പ്രിയ ഏഴാം ക്ലാസിൽ. ഇളയവൻ ശബരിനാഥ് മൂന്നാം ക്ലാസിൽ.
വിദേശ യാത്രകൾ?
പ്രമുഖ കോമഡി താരങ്ങൾക്കൊപ്പം നിരവധി വിദേശ രാജ്യങ്ങളിൽ കോമഡി ഷോ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കെനിയ, ഷാർജ, ദുബായ്, കുവൈറ്റ്, മസ്കറ്റ്, അബുദാബി, ഖത്തർ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിൽ ഇതിനകം പോയി.
കോവിഡ്കാലം
ബോറടിയൊന്നുമില്ല. ലോക്ക് ഡൗൺ കാലത്തു ഞങ്ങളുടെ വീട് പുതുക്കി പണിയുന്നതിന്റെ നിർമാണം നടക്കുകയായിരുന്നു. അതിനാൽ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. പിന്നെ കുട്ടികളുമൊക്കെയായി ലോക്ക്ഡൗൺകാലം സന്തോഷമായിരുന്നു.
എന്നാൽ, സമ്പർക്കം വഴി കോവിഡ് രോഗികൾ കൂടിവരുന്നതിൽ ഇത്തിരി ആശങ്കയുണ്ട്. ആ കൊറോണയെ കൈയിൽ കിട്ടിയിരുന്നേൽ ….. ചുമ്മാ മനുഷ്യനെ ദുരിതത്തിൽ ആക്കാനായി ഓരോന്നു വരും പൊയ്ക്കോണം വന്ന വഴിക്ക്- കോമഡി സ്റ്റൈലിൽ രശ്മി പറഞ്ഞുനിർത്തി.
തയാറാക്കിയത്: നൗഷാദ് മാങ്കാംകുഴി