മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ബോളിവുഡിലെ മുൻ നിരതാരങ്ങൾക്ക് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നോട്ടീസ്.
നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്നാണ് ദീപകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എൻസിബിക്ക് ലഭിച്ചത്. അന്വേഷണ സംഘം ജയ സാഹയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
ഈ ഫോണിൽനിന്ന് ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായ ചില സൂചനകൾ ലഭിച്ചു. തന്റെ ടാലന്റ് മാനേജരായിരുന്ന കരീഷ്മ പ്രകാശിനോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുള്ള ചാറ്റുകളാണ് ജയ സാഹയുടെ ഫോണിൽനിന്ന് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. റിയ ചക്രവർത്തിയുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കരിഷ്മ മയക്കുമരുന്ന് ആവശ്യപ്പെടുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ റിയയുടെ ഫോണിൽനിന്ന് എൻസിബിക്ക് ലഭിച്ചിരുന്നു.
ഡി, കെ എന്നിങ്ങനെ പേര് സേവ് ചെയ്ത രണ്ട് പേരുമായി മയക്കുമരുന്ന് വാങ്ങുന്നത് സംബന്ധിച്ച് റിയയും കരിഷ്മയും തമ്മിൽ സംസാരിച്ചെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.
ചോദ്യം ചെയ്യലിൽ ശ്രദ്ധയുടെയും സാറാ അലി ഖാന്റെയും രകുൽ പ്രീത് സിംഗിന്റെയും പേരുകൾ റിയ എൻസിബിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
റിയ ചക്രബർത്തി നിലവിൽ അറസ്റ്റിലാണ്. ഒക്ടോബർ ആറാം തീയതി വരെ റിയയെയും സഹോദരൻ ഷൗവിക് ചക്രബർത്തിയെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.