വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജ് ഏറെ പ്രശംസ ഏറ്റുവാങ്ങുന്ന കേന്ദ്രമന്ത്രിമാരില്‍ ഒരാളാണ്. പ്രശ്‌നങ്ങള്‍ വൈദഗ്ധ്യത്തോടെ പരിഹരിക്കുന്ന സുക്ഷമ സ്വരാജിന്റെ കഴിവ് മലയാളികളടക്കം അംഗീകരിച്ചതാണ്. ഇപ്പോള്‍ ഒരു റഷ്യക്കാരിയും വിദേശകാര്യമന്ത്രിയുടെ നന്മ അറിഞ്ഞിരിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കിയ റഷ്യന്‍ യുവതിക്കാണ് സുഷമാജിയുടെ ട്വീറ്റ് തുണയായത്.
കഴിഞ്ഞദിവസമാണ് റഷ്യന്‍ സ്വദേശിനിയായ ഒല്‍ഗ എഫിമെന്‍കോവ മൂന്നു വയസുകാരിയായ മകളുമായി ആഗ്രയിലെ ഭര്‍തൃഗൃഹത്തിന് മുന്നില്‍ നിരാഹാരമിരുന്നത്. വിദേശിയായതിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഒല്‍ഗയെ ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നതായി യുവതി വ്യക്തമാക്കിയിരുന്നു. ഇരുപതുദിവസത്തോളമാണ് ഒല്‍ഗയ്ക്കും ഭര്‍ത്താവിനും കുഞ്ഞിനും വീടിന് പുറത്തു നില്‍ക്കേണ്ടി വന്നത്. സംഭവം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായതോടെയാണ് സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്.
സംഭവത്തില്‍ ഇടപ്പെട്ട് യുവതിയെ സഹായിക്കണമെന്ന് മന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ട്വീറ്റ് ചെയ്തു. തങ്ങള്‍ ഇടപെടാമെന്ന് കാണിച്ച് അഖിലേഷ് യാദവ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ ഭര്‍തൃമാതാവിനേയും ഭര്‍തൃസഹോദരിയേയും കൗണ്‍സലിങ് ചെയ്ത് യുവതിയെ തിരിച്ച് വീട്ടില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമുണ്ടാകുകയായിരുന്നു. ഭര്‍തൃമാതാവിനൊപ്പം നില്‍ക്കുന്ന ഒല്‍ഗയുടേയും മകളുടേയും ചിത്രം അഖിലേഷ് യാദവിന്റെ ഓഫീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.