തലശേരി: കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തും കഫ്റ്റീരിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ തലശേരി പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
നിട്ടൂർ സ്വദേശിനി ശരണ്യ, വടക്കുമ്പാട് സ്വദേശിനി വിന്ധ്യ എന്നിവരുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പേർക്കും എയർ പോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
തലശേരി ചേറ്റംകുന്ന് സ്വദേശി വിപിൻദാസ്, വടകര കണ്ണൂക്കര സ്വദേശി അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികൾ .
ഈ സംഘത്തിനെതിരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹി മേഖലയിലുമായി ഒരു ഡസൻ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നാല് വർഷത്തിനുള്ളിൽ കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. പ്രതികളിൽ ചിലരുടെ ഭാര്യമാരും തട്ടിപ്പിന് ഒത്താശ ചെയ്തിട്ടു ള്ളതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിപിൻദാസും അരുണും ഇപ്പോൾ റിമാൻഡിലാണുള്ളത്. എയർ പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചാണ് പ്രതികൾ സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പ് നടത്തിയത്.
കഫ്റ്റീരിയ തുടങ്ങാൻ അനുമതി വാഗ്ദാനം ചെയ്ത തലശേരി സ്വദേശിയിൽ നിന്നും 90 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.