പയ്യന്നൂർ: സ്ഥാപനങ്ങളിലെത്തുന്നവർ പേരും ഫോണ്‍ നമ്പറും എഴുതിവയ്ക്കണമെന്ന നിബന്ധന യുവതികള്‍ക്ക് തലവേദനയാകുന്നു. ഈ നമ്പറുപയോഗിച്ചുള്ള ഫോണ്‍വിളികള്‍ തേടിയെത്തുന്നതാണ് യുവതികള്‍ക്ക് വിനയായി മാറുന്നത്.
കോവിഡ് രോഗികള്‍ സ്ഥാപനത്തിലെത്തിയാലുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുന്നതിനുള്ള സംവിധാനമാണ് പേര് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലക്ഷ്യമാക്കുന്നതെങ്കിലും ചില സ്ഥാപനങ്ങളിലെ യുവാക്കള്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള സംഭവങ്ങള്‍ നിരവധിയാണ്.
ഇത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലെ ബസ് സ്റ്റാൻഡിനടുത്തുണ്ടായി. ഇവിടുത്തെ പെട്ടിക്കടയില്‍ ചായകുടിക്കാന്‍ കയറിയ യുവതിയോട് പേരും ഫോണ്‍ നമ്പറും എഴുതിവയ്ക്കണമെന്ന് പെട്ടിക്കടക്കാരന് ആവശ്യപ്പെട്ടു.
യുവതി എഴുതിക്കഴിഞ്ഞപ്പോള്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പരല്ലേ എന്ന ചോദ്യം പെട്ടിക്കടക്കാരനില്‍ നിന്നുണ്ടായി.
വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പിറ്റേന്ന് ഭര്‍ത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം പെട്ടിക്കടയിലെത്തി. യുവതി പേരും ഫോണ്‍ നമ്പരുമെഴുതിക്കഴിഞ്ഞപ്പോള് ഇന്നലെ വിളിക്കാന്‍ പറ്റിയില്ല, ഇന്നു വിളിക്കുമെന്നായി പെട്ടിക്കടക്കാരൻ.
പിന്നീട് നടന്നത് വിഭവ സമൃദ്ധമായ “സല്‍ക്കാര’മായിരുന്നു. അവശനായപ്പോഴാണ് യുവതിയുടെ കൂടെയുണ്ടായിരുന്നത് ഭര്‍ത്താവും സുഹൃത്തുക്കളുമാണെന്ന ബോധം പെട്ടിക്കടക്കാരനുണ്ടായത്.
എന്താണ് സംഭവമെന്ന് തിരക്കിയവരോട് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് പല യുവതികള്‍ക്കും ഫോണിലൂടെ ഇത്തരക്കാരുടെ വിളികളെത്തുന്നുണ്ടെന്ന് മനസിലായത്.