സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് രൂക്ഷമായ ഏഴു സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തു.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, യു.പി, തമിഴ്നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥിതിയാണു വിലയിരുത്തിയത്. രാജ്യത്ത് 700ലധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് മോദി യോഗത്തിൽ പറഞ്ഞു.
രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ആകെ രോഗബാധിതരുടെ 65.5 ശതമാനവും ആകെ മരണങ്ങളിൽ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കോവിഡ് ബാധിച്ചു ആശുപത്രിയിലാണ്.
അതിനിടെ, രാജ്യത്തെ കോവിഡ് പരിശോധനാ ശേഷി പ്രതിദിനം 12ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്ക് ഉയർന്നു. രാജ്യമെമ്പാടും ഇതുവരെ ആകെ6.6 കോടി പരിശോധനകൾ നടത്തി.
14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദശലക്ഷം പേരിലെ പരിശോധന കൂടുതലും പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവുമാണ്. ദേശീയതലത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.52ശതമാനവും ദശലക്ഷം പേരിലെ പരിശോധന48,028 ഉം ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്83,347 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 74ശതമാനവും 10 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
മഹാരാഷ്ട്രയിൽ മാത്രം 18,000പേർക്ക് പുതുതായി രോഗം സ്വീകരിച്ചപ്പോൾ ആന്ധ്രപ്രദേശിൽ ഏഴായിരത്തിലധികം പേർക്കും കർണാടകയിൽ ആറായിരത്തിലധികം പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.
മൂക്കിൽ ഒഴിക്കുന്ന വാക്സിൻ പരീക്ഷണത്തിനു ഭാരത് ബയോടെക്-യുഎസ് സർവകലാശാല ധാരണ
ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി മൂക്കിൽ സ്പ്രേ ചെയ്യുന്ന(ഇൻട്രാനേസൽ) വാക്സിൻ പരീക്ഷണത്തിന് ഇന്ത്യയിലെ പ്രമുഖ മരുന്നുനിർമാണ കന്പനിയായ ഭാരത് ബയോടെക് അമേരിക്കയിലെ വാഷിംഗ്ടണ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനുമായി കരാറായി.
ഇൻട്രാനേസൽ വാക്സിന്റെ പരീക്ഷണത്തിനും നിർമാണത്തിനും വിതരണത്തിനുമാണു കരാർ. അമേരിക്ക, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളൊഴികെ വാക്സിൻ വിതരണത്തിനുള്ള അവകാശം ഭാരത് ബയോടെക്കിനു ലഭിച്ചിരുന്നു.
ഇൻട്രാനേസൽ വാക്സിൻ ഉപയോഗം വളരെ ലളിതമാണെന്നു ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടർ കൃഷ്ണ എല്ല പറഞ്ഞു. ഇതോടൊപ്പം സൂചി, സിറിഞ്ച് തുടങ്ങിയവയുടെ ഉപയോഗം കുറച്ചുകൊണ്ട് പ്രതിരോധപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.