ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ മാരാരിക്കുളം സ്വദേശി രവീന്ദ്രൻ നായർക്ക് തിരികെ കിട്ടിയത് സ്വന്തം ജീവിതം തന്നെ. അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇന്നലെ ബന്ധുക്കൾ കണ്ടെത്തുന്നത് വരെയുള്ള പന്ത്രണ്ട് ദിവസങ്ങളിൽ ആശുപത്രി ജീവനക്കാർ തന്നെയാണ് പരിചരിച്ചതും.
സെപ്റ്റംബർ 11 ന് ഉച്ചയ്ക്ക് എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷമാണ് രവീന്ദ്രൻ നായരെ കാണാതായതെന്ന് മകൻ രഞ്ജിത്ത് പറയുന്നു. ഇത് സംബന്ധിച്ച് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇന്നലെ (23.09.2020) രാവിലെ വീടിനടുത്തുള്ള ഒരാൾ വിളിച്ചു പറഞ്ഞപ്പോഴാണ് ഇദ്ദേഹം ആലപ്പുഴ ജനറൽ ആശുപ്രതി അഡ്മിറ്റാണെന്ന് കുടുംബാംഗങ്ങൾ അറിഞ്ഞത്. സെപ്റ്റംബർ 11 ന് രാത്രി 10 മണിയോടെ 108 ആംബുലൻസിൽ ആശുപ്രതി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പരിശോധിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസ്സിലാക്കി സി.ടി. സ്കാൻ ഉൾപ്പടെയുള്ളവ ചെയ്തു. ഡോ.രജിത്കുമാർ, ഫിസിഷ്യന്റെ നേതൃത്വത്തിൽ ആവശ്യമായ മരുന്നുകൾ നൽകി.
ആശുപത്രി ജീവനക്കാർ തന്നെ കൃത്യമായി മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി. 12 ദിവസം ഇദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇദ്ദേഹത്തിന് തനിയെ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കില്ലായിരുന്നു.
ആശുപ്രതി ജീവനക്കാരോടൊപ്പം റോസറി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകനായ ജോസ് ആന്റണി എല്ലാ ദിവസവും രാവിലെ ആശുപത്രിയിൽ എത്തി ഇദ്ദേഹത്തിനാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തിരിന്നു. കൃത്യമായ ചികിത്സകളെല്ലാം നൽകി ആരോഗ്യവാനാക്കി മാറ്റി. രോഗിയെ കൊണ്ടുവന്ന സമയത്തും പിന്നീടും രോഗിയുടെ കൂടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
രോഗിയെക്കുറിച്ച് യാതൊരു വിവരവും ആശുപത്രി അധികൃതർക്ക് അറിയില്ലായിരുന്നു. പോലീസിലേയ്ക്ക് അറിയിപ്പും നൽകിയിരുന്നു. രോഗി സുഖം പ്രാപിച്ചതിനാൽ ഏതെങ്കിലും സന്നദ്ധ സംഘടനകൾ നടത്തുന്ന് വൃദ്ധസദനത്തിലേയ്ക്ക് മാറ്റുന്നതിനായി നടപടികൾ ചെയ്തു വരികയായിരുന്നു.
യാദൃശ്ചികമായി രോഗിയുടെ വീടനടുത്തുള്ള ഒരാൾ ആശുപ്രതിയിൽ വച്ച് കാണുകയും ആ വിവരം മകനായ രഞ്ജിത്തിനെ വിളിച്ചറിയിക്കുകയുമാണ് ചെയ്തത്. തുടർന്ന് മകനായ രഞ്ജിത്ത് ആശുപത്രിയിൽ എത്തി അച്ഛനെ കണ്ടെത്തി സന്തോഷത്തോടെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.