ഇരിട്ടി: സ്വര്‍ണത്തട്ടിപ്പ് കേസിലെ ഉസ്താദിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി.
കാസർഗോഡ് നിന്നും പിടികൂടിയ ഉസ്താദിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉളിക്കൽ എസ്ഐ ഉൾപ്പെടെ ഏഴു പോലീസുകാർ ക്വാറന്റൈനിൽ പോകുകയും ഉസ്താദിനെ അഞ്ചരക്കണ്ടി കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഉസ്താദിന് കോവിഡ് നെഗറ്റീവ് ആയതോടെയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത് .പോലീസുകാരുടെ പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നു.
മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വരുത്തി കബളിപ്പിച്ചുവെന്ന പരാതിയിലാണ് മദ്രസാ അധ്യാപകന് കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ കരീമിനെ (50) പിടികൂടിയത്. ഉളിക്കല്‍ എസ്ഐ കെ.വി നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്.
നാല് വര്‍ഷത്തിലധികമായി ഇയാള്‍ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഉളിക്കല്ലിലെ തന്നെ മറ്റൊരു പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇയാളെ പുറത്താക്കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വന്തം ബുള്ളറ്റില്‍ മുങ്ങിയ ഉസ്താദ് ആഡംബര ജീവിതം നയിച്ച് വരവെയാണ് കുടുങ്ങിത്. പന്ത്രണ്ട് പവനാണ് നഷ്ടപെട്ടതെന്ന് പരാതിയുണ്ടെങ്കിലും നൂറിലേറെ പവന് സ്വര്‍ണം പലരില്‍ നിന്നായി കുട്ടികളെ ഉപയോഗിച്ച് തട്ടിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍.