കടുത്തുരുത്തി: ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയ്ക്ക് കീഴിലെ താൽകാലിക ഷെഡിൽ കഴിഞ്ഞിരുന്ന ഞീഴൂർ പഞ്ചായത്തിലെ ചിറനിരപ്പ് പുൽക്കുന്നേൽ റെജീന മോഹനും (42) കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.
സുമനസുകളുടെ സഹായത്താലാണ് കുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും ലഭിക്കുന്നത്. റെജീനയുടെ കുടുംബത്തിന്റെ ദുരവസ്ഥ കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇവർ താമസിക്കുന്ന വീടിന് സമീപത്തായി വസ്തുവുള്ള മുട്ടുചിറ പാറേക്കാട്ടിൽ ജോസ് മൂന്ന് സെന്റ് ഭൂമി ഇവർക്ക് വീട് വയ്ക്കുന്നതിന് സൗജന്യമായി നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് വാർഡ് മെന്പർ ടെസി സിറിയക്കും മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളിയും അറിയിച്ചു.
പേരു വെളിപെടുത്താൻ തയാറാകാത്ത സാമൂഹ്യ പ്രവർത്തകൻ സ്ഥലം കിട്ടിയാൽ വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകിയതായും ജനപ്രതിനിധികൾ പറഞ്ഞു.
ജനപ്രതിനിധികളും ഇവരുടെ ദുരവസ്ഥ തുറന്നുകാട്ടിയ അയൽവാസി ജിനീഷ് ജോണ്, സഹായം നൽകാമെന്ന് അറിയിച്ച വ്യക്തികളും ഇക്കാര്യങ്ങൾ റെജീനയുടെ കുടുംബത്തെ അറിയിച്ചു. സുമനസുകളായ നിരവധിയാളുകളാണ് കുടുംബത്തെ സഹായിക്കാമെന്നറിയിച്ചു മുന്നോട്ടു വന്നതെന്നും ജനപ്രതിനിധികൾ പറഞ്ഞു.
തല ചായ്ക്കാനായി വീടോ, സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത നാലംഗ കുടുംബം കഴിയുന്നത് പ്ലാസാറ്റിക്ക് ഷീറ്റും സാരിയും ഉപയോഗിച്ചു മറച്ചു, ആസ്ബറ്റോസ് ഷീറ്റുപയോഗിച്ചു മേൽക്കൂര കെട്ടിയ താത്കാലിക ഷെഡിലാണ്. വീടിന്റെ ബലമെന്നത് ഒരു വശത്ത് തൂണിനായി അടുക്കി വച്ചിരിക്കുന്ന സിമന്റ് കട്ടകളാണ്.
റെജീനയുടെ മാതൃസഹോദരൻ പരേതനായ തോമസിന്റെ പുരയിടത്തിലാണ് ഇവർ കഴിയുന്ന ഷെഡ് വച്ചിരിക്കുന്നത്. പട്ടികവർഗത്തിൽപെട്ട റെജീനയും ഭർത്താവ് മോഹനും (44), മക്കളായ മിഥുൻ (18), മൃദുല (14) എന്നിവരാണ് ഈ ഷെഡിനുള്ളിൽ കഴിയുന്നത്.
പകൽസമയത്ത് മാത്രമാണ് ഇവർ ഇവിടെ കഴിയുക. രാത്രിയിൽ ഇവർ കിടക്കുന്നത് റെജീനയുടെ മാതൃസഹോദരി ശാന്ത പാപ്പന്റെ വീട്ടിലാണ്. വർഷങ്ങളായി കഴിയുന്ന ഷെഡിൽ നിന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർക്ക് ഇറങ്ങേണ്ടി വരും.
110 കെവി വൈദ്യൂതി ലൈനിന്റെ ടവറിനായി ഇവരുടെ താമസസ്ഥലത്തിന് സമീപം കാലുകൾ സ്ഥാപിച്ചിരുന്നു. ഉടൻതന്നെ ഇവിടെ നിന്നും മാറണമെന്നു അധികൃതർ നിർദേശിച്ചിട്ടുണ്ടെന്നും റെജിന പറയുന്നു.