സിനിമയിൽ ആണെങ്കിൽ നെട്ടൂരാനോടാണോടാ കളി എന്നാണ് ചോദ്യം… ഐപിഎലിൽ ആണെങ്കിൽ രോഹിത്തിനോടാണോ കളി എന്നു തിരുത്തണം. കാരണം, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ രോഹിത് ശർമ ഹിറ്റ്മേക്കർ ആയപ്പോൾ മുംബൈ ഇന്ത്യൻസ് 49 റണ്‍സിന്റെ മിന്നും ജയം നേടി.
മത്സരം ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ രോഹിത് 54 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും അടക്കം അടിച്ചെടുത്തത് 80 റണ്‍സ്. മുംബൈ നേടിയത് 20 ഓവറിൽ അഞ്ചിന് 195ഉം. നൈറ്റ് റൈഡേഴ്സിന്റെ റൈഡിംഗ് ഒന്‍പതിന് 146ൽ അവസാനിച്ചു. മാൻ ഓഫ് ദ മാച്ച് ആയി രോഹിത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രോഹിത് അടിച്ചാൽ മുംബൈ ഇന്ത്യൻസിന്റെ സ്കോർബോർഡ് ചെന്നെത്തുക മികച്ചൊരു ടോട്ടലിൽ ആയിരിക്കുമെന്നത് മുന്‍പും പലതവണ തെളിഞ്ഞ യാഥാർഥ്യം. അതാണ് അബുദാബിയിലും സംഭവിച്ചത് എന്ന് പറയാൻവരട്ടെ. കാരണം, അബുദാബിയിലെ സാഹചര്യം വേറെയാണ്. മത്സരത്തെ സസൂക്ഷ്മം വീക്ഷിച്ചാൽ അക്കാര്യങ്ങൾ വ്യക്തമാകും.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം പോലെയല്ല അബുദാബിയിലെ ഷെയ്ഖ് സയീദ് സ്റ്റേഡിയം. മുംബൈയിൽ 2017നുശേഷമുള്ള ട്വന്റി-20 സ്കോറിംഗ് റേറ്റ് 8.6 ആണ്. അബുദാബിയിൽ ആകട്ടെ 7.3ഉം. യുഎഇയിലെ മറ്റ് സ്റ്റേഡിയങ്ങളായ ഷാർജ (8.1), ദുബായ് (7.5) എന്നിവയെ അപേക്ഷിച്ചും സ്കോറിംഗ് റേറ്റിൽ അബുദാബിയാണ് പിന്നിൽ.
അബുദാബി സ്റ്റേഡിയത്തിന്റെ സ്ക്വയർ ബൗണ്ടറി ഏറ്റവും ദൈർഘ്യമേറിയതാണ്. ഷോർട്ട് പിച്ച് പന്ത് ആക്രമണത്തിലൂടെ ബൗളർമാർക്ക് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കാമെന്നർഥം.
മുംബൈക്കെതിരേ കോൽക്കത്ത നടത്തിയതും ഷോർട്ട്പിച്ച് ആക്രമണമാണ്. രോഹിത്തിനു മുന്നിൽ അതു വിലപ്പോയില്ലെന്നുമാത്രം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലോർഡ് ഓഫ് ദ പുൾ ഷോട്ട് എന്നറിയപ്പെടുന്ന രോഹിത്തിന്റെ പുൾഷോട്ട് പ്രേമംതന്നെ. രോഹിത് 54 പന്ത് നേരിട്ട ഇന്നിംഗ്സിൽ അദ്ദേഹത്തിനെതിരേ കോൽക്കത്ത ബൗളർമാർ എറിഞ്ഞത് ഷോർട്ട്, ഷോർട്ട് ഗുഡ് ലെംഗ്ത് പന്തുകളായിരുന്നു.
ആ 20 പന്തുകളിൽ രോഹിത് അടിച്ചെടുത്തതാകട്ടെ 49 റണ്‍സും. ഗുഡ് ലെംഗ്തിലാണ് രോഹിത് പ്രതിരോധത്തിലായത്. 24 ഗുഡ് ലെംഗ്ത് ഡെലിവറികളിൽ 20 റണ്‍സ് നേടാനേ രോഹിത്തിനു സാധിച്ചുള്ളൂ. ഇന്നിംഗ്സിൽ ആറ് സിക്സറിലൂടെ ഐപിഎൽ ചരിത്രത്തിൽ 200 സിക്സർ എന്ന നാഴികക്കല്ലിലും രോഹിത് എത്തി.
ചുരുക്കത്തിൽ കോൽക്കത്തയുടെ ഷോർട്ട് പിച്ച് ആക്രമണം രോഹിത്തിലൂടെ മുംബൈ അതിജീവിച്ചു. കോൽക്കത്തയ്ക്ക് പക്ഷേ, മുംബൈയുടെ ഷോർട്ട്പിച്ച് ആക്രമണം അതിജീവിക്കാൻ സാധിച്ചില്ല. ഓവറിൽ 7.3 എന്ന അബുദാബിയിലെ സ്കോറിംഗ് റേറ്റ് ശരിവച്ച് കോൽക്കത്ത 146ൽ ഒതുങ്ങുകയും ചെയ്തു.