ചാലക്കുടി: ഓർമയായിട്ടു നാലുവർഷം പിന്നിടുന്പോഴും കലാഭവൻ മണിക്കു സ്വന്തം നാട്ടിൽ സ്മാരകമായില്ല.
നാടൻ പാട്ടിലൂടെയും സിനിമ അഭിനയത്തിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായ കലാകാരനു സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹത്തിന്റെ ആരാധകർ സ്മാരകങ്ങൾ ഒരുക്കുന്പോഴും ചാലക്കുടിക്കാരൻ ചങ്ങാതിക്കു സ്വന്തം മണ്ണിൽ സ്മാരകം ഉയർന്നില്ല.
സംസ്ഥാന സർക്കാർ കലാഭവൻ മണിക്ക് സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ, സ്മാരകം നിർമിക്കാൻ സ്ഥലം ലഭിക്കാത്തതാണു പ്രശ്നം.
നഗരസഭയ്ക്കു കൈമാറി കിട്ടിയ റിഫ്രാക്ടറീസിന്റെ സ്ഥലത്ത് ഇപ്പോൾ പാർക്ക് നിർമിക്കുന്നതോടൊപ്പം കലാഭവൻ മണിക്കു സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും പാർക്ക് നിർമിക്കുന്ന സ്ഥലത്തു സ്മാരകം പണിയാൻ പറ്റില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി.
ഒടുവിൽ പിഡബ്ല്യുഡി വർക്ക്ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണു കണ്ടെത്തിയിരുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
കലാഭവൻ മണി അന്ത്യവിശ്രമം കൊള്ളുന്ന ചേന്നത്തുനാട്ടിലെ സ്മൃതി മണ്ഡപത്തിലും മണിയുടെ കലാഗൃഹത്തിലും പാടിയിലും നിരവധി സന്ദർശകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.