തിരുവനന്തപുരം: സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസ് സംവിധാനം തകരാറിലായ സംഭവത്തിലെ ദുരൂഹത നീക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്താൻ എൻഐഎ. യുഎഇ കോണ്‍സുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സി-ആപ്റ്റിലെ വാഹത്തിന്റെ ജിപിഎസ് സംവിധാനം തൃശൂർ മുതൽ മലപ്പുറം വരെ പ്രവർത്തിച്ചില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സെർവറിലെ വിവരങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി സി-ഡാക്കിനെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ജിപിഎസുകളെ ബന്ധിപ്പിക്കുന്ന സെർവറുകൾ അടക്കം പരിശോധിക്കാനുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി തുടങ്ങി.
ബംഗളൂരുവിലേക്ക് പോയ സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസ് സംവിധാനവും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ജിപിഎസിലേക്കുള്ള വൈദ്യുതി പ്രവാഹം തടസപ്പെട്ടാലും ബാറ്ററി ഉപയോഗിച്ച് അത് ആറുമണിക്കൂർ വരെ പ്രവർത്തിക്കുന്ന തരത്തിലാണു രൂപ കൽപന.
ബാറ്ററിയുടെ ചാർജ് അവസാനിക്കുന്പോൾ മാത്രമാണ് ഉപകരണം പൂർണമായും ഓഫാവുക. കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ സി-ആപ്റ്റ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിൽ നിന്ന് തൃശൂർ വരെയുള്ള ട്രാക്കിംഗ് മാത്രമേ സാധ്യമായുള്ളു.
ഇതിനാലാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും മുന്‍പ് വാഹനത്തിന്റെ ജിപിഎസ് സംവിധാനത്തിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം സി -ആപ്റ്റിലെത്തിയ അന്വേഷണ സംഘം വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും ഒന്നും അറിയില്ലെന്ന മറുപടിയാണു നൽകിയത്.