കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ചോദ്യങ്ങള്‍ക്ക് മുന്നില്‍ തെല്ലും കൂസാതെ ശിവശങ്കര്‍.
കേസിന് നിര്‍ണായകമായേക്കാവുന്ന പല ചോദ്യങ്ങള്‍ക്കും “അറിയില്ല’ എന്ന ഉത്തരമാണ് ശിവശങ്കർ നല്‍കിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഇടപെട്ടിട്ടുള്ളതിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെങ്കിലും അദ്ദേഹത്തിന് ക്ലിന്‍ചിറ്റ് നല്‍കിയിട്ടില്ല.
കൊച്ചി എന്‍ഐഎ ഓഫിസിലെ രണ്ട് മുറികളിലിരുത്തിയാണു ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും എന്‍ഐഎ ഒരേ സമയം ചോദ്യം ചെയ്തത്.
മുന്‍കൂട്ടി തയാറാക്കിയ 43 ചോദ്യങ്ങള്‍ക്കൊപ്പം അനുബന്ധ ചോദ്യങ്ങളുടെ ഉത്തരങ്ങളും തേടി. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു പുറത്തുവന്ന ജൂലൈ അഞ്ചിനും ബംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ പത്തിനും ഇടയില്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയത്.
നിലപാടിൽ ഉറച്ച്
ബംഗളൂരുവില്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് മൂന്നു തവണ സ്വപ്ന ശിവശങ്കറിനെ ഫോണില്‍ ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിച്ചതിന്റെ പിന്നിലെ കാരണം എന്തായിരുന്നു എന്നാണ് ആദ്യം ചോദിച്ചത്.
എന്നാല്‍ സ്വര്‍ണക്കടത്തിനു സ്വപ്നയെ സഹായിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു.
ജൂണ്‍ 30 നു കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സ്വപ്ന സഹായം തേടിയ വിവരം അന്വേഷണ ഏജന്‍സി ചോദിച്ചു. അതിനും വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടില്ലെന്ന മറുപടിയാണ് ശിവശങ്കര്‍ പറഞ്ഞത്.
എന്നാല്‍ കൂട്ടുപ്രതി പി.എസ്. സരിത്ത് കസ്റ്റംസിന്റെ പിടിയിലായ വിവരമറിഞ്ഞ് സ്വപ്ന തിരുവനന്തപുരം വിട്ടശേഷവും സഹായം തേടിയെന്ന നിഗമനം ശിവശങ്കര്‍ നിഷേധിച്ചു.
സ്വപ്നയ്ക്കും കുടുംബത്തിനു വേണ്ടി ഫ്ളാറ്റ് വാടകയ്ക്കു ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്, ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണു ശിവശങ്കര്‍ നല്‍കിയത്.
ചോദ്യം ചെയ്യല്‍ ഏഴാം തവണ, ആകെ 58 മണിക്കൂര്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മൂന്ന് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത് എഴ് തവണ.
കസ്റ്റംസും ഇഡിയും എന്‍ഐഎയും കൂടി 58 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കസ്റ്റംസ് രണ്ട് തവണയായി 17 മണിക്കൂറും ഈഡി ഒരു തവണ ഏഴര മണിക്കൂറും എന്‍ഐഎ 33.5 മണിക്കൂറുമാണ് ചോദ്യം ചെയ്തത്.
ക്ലീൻ ചിറ്റ് ഇല്ല
58 മണിക്കൂറിന്റെ ചോദ്യം ചെയ്യലിന് ശേഷവും ശിവശങ്കറിന് അന്വേഷണ ഏജന്‍സികളൊന്നും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍ക്കൊപ്പവും ശിവശങ്കറിനെ എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
നിലവില്‍ വിട്ടയച്ചത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും ശിവശങ്കര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്‍ഐഎ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്.
തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായിരുന്നു എന്‍ഐഎയുടെ നടപടികള്‍.
സ്വപ്നയുടെയും സന്ദീപ് നായരുടെയും ഫോണില്‍ നിന്നു ലാപ്ടോപ്പില്‍ നിന്നുമായി രണ്ട് ടിബിയോളം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി എം. ശിവശങ്കറിന് ബന്ധമുണ്ടോ, സ്വപ്നയുടെ ഇടപാടുകളെക്കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം തേടിയത്.
സ്വപ്നയുടെ സ്വര്‍ണക്കടത്ത് ഇടപാടിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന ശിവശങ്കറിന്റെ മൊഴിയിലെ വസ്തുത ബോധ്യപ്പെടുകയാണ് എന്‍ഐഎ ലക്ഷ്യം വച്ചിട്ടുള്ളത്.
സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്ത് നല്‍കിയത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വ്യക്തമാക്കിയിരുന്നു.അതുപോലെ ഐടി പാര്‍ക്കില്‍ ജോലി വാങ്ങിക്കൊടുത്തത് ശിവശങ്കറാണ് എന്നതും വ്യക്തമാണ്.
ഈ സാഹചര്യത്തില്‍ ഇവരുടെ സ്വര്‍ണക്കടത്ത് ഇടപാട് ശിവശങ്കറിന് അറിയില്ലായിരുന്നു എന്നത് എത്രത്തോളം വസ്തുതാപരമാണ് എന്നകാര്യത്തില്‍ വ്യക്തതയുണ്ടാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം.