കുന്നംകുളം: നാട്ടിൽ നമ്മുടെ അയൽവീട്ടിൽ ആടുജീവിതം നയിച്ച ജോസ് വീണ്ടും ആടുജീവിതം തുടരും. പക്ഷേ, ജോസ് തലചായ്ക്കുന്നത് ആട്ടിൻകൂട്ടിലല്ല, സ്നേഹവീട്ടിലാണെന്നു മാത്രം.
അടുജീവിതത്തിന് സമാനമായ ജീവിതം നയിച്ചിരുന്ന ജോസിന് അന്തിയുറങ്ങാൻ കുന്നംകുളം നെഹ്റു ലവേഴ്സ് ഫോറമാണ് പുതിയ ഭവനം നിർമിച്ചു നൽകിയത്.
കുന്നംകുളം നെഹ്റു നഗറിലെ പനക്കൽ ജോസിന്റെ ആടുജീവിതം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. സ്വന്തമായി കുടുംബമില്ലാത്ത ജോസ് തറവാട്ടുവക മൂന്നു സെന്റ്് സ്ഥലത്തായിരുന്നു താമസം. ഇവിടെ കൂട്ടിനു കുറെ ആടുകളും ഉണ്ടായിരുന്നു.
ഇവയെ നോക്കിയും പരിചരിച്ചും കഴിഞ്ഞിരുന്ന ജോസ് രാത്രി ആട്ടിൻ കൂട്ടിലെ ഒരു ഭാഗത്ത് താൽക്കാലിക മറയിലാണ് ജോസ് കിടന്നിരുന്നത്. പൊതുപ്രവർത്തകനായ അജിത് ചീരനാണ് ജോസിന്റെ ദുരന്തകഥ ലോകത്തെ അറിയിച്ചത്. ഇതോടെ നാട്ടുകാരും അയൽവാസികളും ഒത്തുകൂടി ജോസിന് ഒരു ഒറ്റമുറി വീട് നിർമിച്ചു നൽകുകയായിരുന്നു.
ലവേഴ്സ് ഫോറത്തിന്റെ നേതൃത്വ ത്തിൽ 15 ദിവസം കൊണ്ടാണ് ജോസിനു പുതിയ വീട് നിർമിച്ചുനൽകിയത്. ഇതോടൊപ്പം ജോസിന്റെ ആടുകൾക്കും പുതിയ ഒരു കൂടും ഇവർ നിർമിച്ചു നൽകി.
കനത്ത മഴയത്ത് വീടിന്റെ നിർമാണം നടക്കുന്പോൾ താമസസൗകര്യമൊരുക്കി കുന്നംകുളം ബഥനി ആശ്രമവും ജോസിനു തണലായി. ഇന്നലെ വൈകീട്ട് പുതിയ ഭവനത്തിന്റെ കൂദാശയും, താക്കോൽ ദാനവും ബഥനി ആശ്രമം ലോക്കൽ സുപ്പീരിയർ ജോസഫ് റന്പാനച്ചന്റെ മുഖ്യകാർമികത്വത്തിൽ നടന്നു.
ഫാ ഗീവർഗീസ് തോലത്ത്, ഫാ.പത്രോസ് ഒഐസി, ഫാ.ബെഞ്ചമിൻ ഒഐ സി, റവ. സജി പി. സൈമണ്, റവ.ജോബി ജേക്കബ്ബ്, അജിത് ചീരൻ തുടങ്ങിയവർ പങ്കെടുത്തു.