തിരുവനന്തപുരം: ലൈഫ് പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തോടെ ഇതിൽ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകൽ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാന്യതയുണ്ടെങ്കിൽ ഇപ്പോഴെങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരളം കണ്ട ഏറ്റവും വലിയ അഴിമതി സിബിഐ അന്വേഷിക്കാൻ പോകുന്നു.
അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണ മന്ത്രിയെയും ചോദ്യം ചെയ്യുന്ന അവസ്ഥയാണുണ്ടാകാൻ പോകുന്നത്.ഇത്തരത്തിൽ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് അപൂർവമായ കാര്യമാണ്.
വിജിലൻസ് ചോദ്യം ചെയ്യുമോ എന്ന് പത്രലേഖകർ ചോദിച്ചപ്പോൾ ആ പൂതി മനസിലിരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ സിബിഐ തന്നെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോകുന്നതിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ കള്ളക്കഥകൾ ഒരോദിവസം കഴിയുന്തോറും പൊളിയുകയാണ്. ഇപ്പോൾ നാലു കേന്ദ്ര ഏജൻസികളും കേരള സർക്കാരിനെക്കുറിച്ചുള്ള കൊണ്ടുപിടിച്ചുള്ള അന്വേഷണത്തിലാണ്.
പാവപ്പെട്ടവർക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതി ഇത്ര കോലം കെട്ടതാക്കാൻ ഇടതു സർക്കാരിന് മാത്രമേ കഴിയൂ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.