സ്വന്തം ലേഖകന്‍
കോഴിക്കോട്: ലൈഫ്മിഷന് പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ എത്തിയതോടെ വെട്ടിലായത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാക്കുകകളും.
കേസില്‍ ‘തന്നെയും തദ്ദേശഭരണമന്ത്രിയെയും ചോദ്യം ചെയ്യാ മെന്ന പൂതി മനസില്വച്ചാല്മതി’ യെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിജിലന്‍സ് കേസ് ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം.
സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിയായ വിജിലന്‍സ് അന്വേഷിച്ചാല്‍ കേസ് ശരിയായ ദിശയിലാകുമോ എന്ന ന്യായമായ സംശയത്തിനുനേരെയായിരുന്നു വിജിലന്‍സിനെ പോലും ‘ഞെട്ടിച്ച’ മുഖ്യമന്ത്രിയുടെ പ്രതികരണം.
കേസ് അന്വേഷണം തന്നിലേക്കോ മന്ത്രിയിലേക്കോ എത്തരുത് എന്ന പരോക്ഷ സൂചനയായി ഇതിനെ സിപിഎം അനുകൂലികള്‍ പോലും വ്യാഖാനിച്ചു. എന്നാല്‍ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേസ് സിബിഐ എറ്റെടുത്തതോടെ ഈ പ്രതികരണം പോലും അപ്രസക്തമായി.
നിലവില്‍ ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ്.ചെയര്‍മാനായ തദ്ദേശ സ്വയംഭരണ മന്ത്രി, മുന്‍ സിഇഒ ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്താല്‍ പോലും അത് നടപടിക്രമങ്ങളുടെ ഭാഗമായിമാത്രമേ കാണാന്‍ കഴിയൂ എന്നിരിക്കേ മുഖ്യമന്ത്രിയുടെ മാസ് ഡയലോഗ് അദ്ദേഹത്തിന് തന്നെ വിനയാകും.