ഹൈദരാബാദ്: ദുരഭിമാനക്കൊലയിൽ ഭാര്യാ മാതാപിതാക്കളടക്കം 14 പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് (28)എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ ഈ വര്‍ഷം ജൂൺ 10ന് ഇരുവരും വിവാഹിതരായി.
തുടര്‍ന്ന് ഇരുവീട്ടുകരെയും പോലീസ് വിളിച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിരുന്നു. ഇരുവീട്ടിലേക്കും പോകാതെ ഇവര്‍ ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ വാടയകയ്ക്ക് താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിക്കുകയും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടു.
ഹേമന്തിന്റെ അച്ഛന് വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അവരുടെ വാഹനത്തെ പിന്തുടര്ന്നു. എന്നാല്‍ കണ്ടെത്താനായില്ല.
ഗോപന്പള്ളിയില്വച്ച് അപകടം മനസിലാക്കിയ അവന്തി വീട്ടുകാരുടെ വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടു. ഹേമന്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്.
ഇന്നലെ പുലര്‍ച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍നിന്ന് കണ്ടെത്തി.അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് പോലീസ് പറയുന്നു.
മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായവരിൽ രണ്ടുപേരൊഴികെ എല്ലാവരും ബന്ധുക്കളാണ്.