ജിബിൻ കുര്യൻ
കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിന് കെപിസിസി മാർഗനിർദേശം പുറപ്പെടുവിച്ചു. സ്ഥാനാർഥികൾ വാർഡിൽ നിന്നും മാത്രമായിരിക്കണമെന്നും ജനറൽ സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കരുതെന്നുമാണ് പ്രധാന നിർദേശങ്ങൾ.
നിർദേശങ്ങൾ കൂടുതൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമായി മണ്ഡലം കമ്മിറ്റികൾക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാർഥികൾ അതാതു വാർഡുകളിലുള്ളവരായിരിക്കണമെന്നതിനു പുറമേ വിജയസാധ്യതയും സ്വീകാര്യതയും മുഖ്യഘടകമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാമുഖ്യം കൊടുക്കണമെന്നുമാണ് മറ്റൊരു നിർദേശം. 50 ശതമാനം സംവരണമുള്ളതിൽ ജനറൽ സീറ്റുകളിൽ വനിതകളെ ഒഴിവാക്കണമെന്ന കർശന നിർദേശവും കെപിസിസി നൽകുന്നു.
വനിതാ സ്ഥാനാർഥി മഹിള കോണ്‍ഗ്രസിൽ നിന്ന്
വനിതാ സ്ഥാനാർഥികളെ തീരുമാനിക്കുന്പോൾ മഹിളാ കോണ്‍ഗ്രസിലെ പ്രവർത്തനമായിരിക്കണം പ്രധാന അളവുകോൽ. കോണ്‍ഗ്രസുമായോ പോഷക സംഘടനയായ മഹിളാ കോണ്‍ഗ്രസുമായോ യാതൊരു ബന്ധവുമില്ലാത്തവരെ സ്ഥാനാർഥികളാക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
സ്ഥാനാർഥി നിർണയത്തിലെ അപാകത കൊണ്ടു പരാജയം ഉണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന സുപ്രധാന നിർദേശവും കെപിസിസി കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്നു. എല്ലാ സ്ഥാനാർഥികളും പാർട്ടിയുടെയോ പോഷകസംഘടനകളുടെയോ അംഗങ്ങളായിരിക്കണം.
വിമതരായി മത്സരിച്ചവർക്ക് സീറ്റില്ല
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകണമെന്ന വ്യവസ്ഥയും ചേർത്തിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക്, ജില്ല, സംസ്ഥാന സബ് കമ്മിറ്റികൾക്ക് പുറമേ മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിലും സമിതികളുണ്ടാകും.
ഘടകകക്ഷികളുമായുള്ള പ്രാദേശിക ചർച്ചയ്ക്ക് നിയോജകമണ്ഡലം സമിതിയാണ് നേതൃത്വം നൽകേണ്ടത്. വാർഡ് കമ്മിറ്റികളുടെ ഏകകണ്ഠ തീരുമാനം പരമാവധി മാറ്റം വരുത്തരുത്. ഇത് ചർച്ചചെയ്യുന്ന മണ്ഡലം സബ് കമ്മിറ്റിയും ഒരു തീരുമാനത്തിലെത്തിയാൽ പിന്നെ മാറ്റമില്ല.
മണ്ഡലം സബ് കമ്മിറ്റിയിൽ തീരുമാനമായില്ലെങ്കിൽ നിയോജകമണ്ഡലം സബ് കമ്മിറ്റി, ഇതു കഴിഞ്ഞാൽ ജില്ലാ സബ് കമ്മിറ്റി എന്ന നിലയിലായിരിക്കണം ചർച്ചയും തീരുമാനവും. അഴിമതിക്കാരെയും ആരോപണവിധേയരെയും സ്ഥാനാർഥികളാക്കരുതെന്നാണ് മറ്റൊരു സുപ്രധാന നിർദേശം.
പാർട്ടി അച്ചടക്കം ലംഘിച്ചവർക്കും മുന്‍പ് വിമതരായി മത്സരിച്ചവർക്കും സീറ്റില്ല.വിജയസാധ്യതയുള്ള പാർട്ടിപ്രവർത്തകരുള്ളടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പരിഗണിക്കരുത്.
പാർട്ടി ഭാരവാഹിത്വവും സഹകരണസംഘങ്ങളിലെ സ്ഥാനവുമുള്ളവർ തെരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം സ്ഥാനങ്ങൾ ഒഴിയണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.