അഴുക്കുചാലുകള്‍ വൃത്തിയാകുന്നതിനിടെയാണ് തൊഴിലാളികള്‍ ആ കാഴ്ച കണ്ടത്. ഒരാള്‍ പൊക്കമുള്ള രാക്ഷസ എലി അതാ അഴുക്കുചാലില്‍ കിടക്കുന്നു. മെക്സിക്കോ സിറ്റിയിലാണ് സംഭവം.
അഴുക്കു ചാലില്‍ നിന്നും പുറത്തെടുത്തു വച്ച എലിയെ കണ്ടപാടെ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നുപോയി. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പന്‍ പാവയെയാണ് അഴുക്കുചാലില്‍ നിന്നും കിട്ടിയത്.
ഹാലോവീന്‍ പരിപാടികള്‍ക്ക് വേണ്ടി തയാറാക്കിയ കൂറ്റന്‍ എലി പാവ അഴുക്കു ചാലില്‍ വന്നടിയുകയായിരുന്നു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങളും സമീപം നിന്നവര്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇപ്പോള്‍ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്.
ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവര്‍ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു.
എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എലിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് എവിലിന് ലോപ്പസ് എന്ന വ്യക്തി രംഗത്തെത്തി. ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ക്ക് വേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കുമ്മായം ഉപയോഗിച്ച് നിര്‍മിച്ച പാവയാണിതെന്ന് എവിലിന് പറയുന്നു.
മഴവെള്ളത്തില്‍ പാവ ഒലിച്ചു പോയിരുന്നതായും അഴുക്കുചാലില്‍ തിരയുന്നതിനായി ആരുംതന്നെ സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും കാലം അഴുക്കുചാലില്‍ കിടന്ന പാവയെ ഇനി തിരികെ എവിലിന് ഏറ്റെടുക്കുമോ എന്നതാണ് സംശയം.