കോഴിക്കോട്: പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന നൈജീരിയന്‍ ഡിജിറ്റല്‍ തട്ടിപ്പു റാക്കറ്റുകൾ സമൂഹത്തിൽ വിലസുന്നു.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് പിന്നിലെന്ന് സൈബര്‍ പോലീസ്. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന വലിയ റാക്കറ്റ് തന്നെ സംഘത്തിനു പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വര്‍ഷങ്ങളോളം ഇത്തരം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഫോളോ ചെയ്ത ശേഷമാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് തട്ടിപ്പ് ആരംഭിക്കുന്നത്.
കൂടാതെ ജോലി അന്വേഷണം നടത്തുന്ന സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്നത് ഈ സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
നൈജീരിയയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഇന്ത്യയിലെ ഏജന്റുമാരാണ് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.തട്ടിപ്പു സംഘങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ നമ്പറാണെന്നും ഉത്തര്‍ പ്രദേശില്‍ നിന്നും കശ്മീരില്‍ നിന്നും മറ്റൊരു സംസ്ഥാനത്ത് നിന്നുമാണ് ഈ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിര്‍മിക്കുകയും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചറില്‍ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
മെസേജ് വന്ന പലരും പണം അയച്ചു നല്‍കിരുന്നുവെങ്കിലും നിലവില്‍ ഫേസ്ബുക്ക്് സുഹൃത്തുക്കളായ പലര്‍ക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതോടെയാണ് സംശയമുയര്‍ന്നത്.
ഇതോടെ സജീവന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും മറ്റു വിവരങ്ങളും സജീവന് സൈബര്‍ പോലീസിന് കൈമാറി. സൈബര്‍ പൊലീസ് സിഐ ശിവപ്രസാദിനാണ് അന്വേഷണച്ചുമതല.