മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും മുക്കം കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇന്നലെ കോഴിക്കോട് ഡിസിസി പ്രസിഡന്റിന് നൽകിയ സ്വീകരണ യോഗവും ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു.
മുക്കം ബാങ്ക് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ആണ് ഇന്നലെയും പ്രതിഷേധത്തിന് വഴിവെച്ചത്.
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മുക്കം കാരശേരി കൂടരഞ്ഞി കൊടിയത്തൂർ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ഐവിഭാഗം ആരോപിച്ചു.
മുക്കം സർവീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങളും അഴിമതിക്കും നേതൃത്വം കൂട്ടുനിൽക്കുകയാണെന്നും ഇവർ പറഞ്ഞു.
അർഹതപ്പെട്ട സ്ഥാനങ്ങൾ പോലും നൽകാതെ ഐ വിഭാഗത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ടാടാണ് യോഗം ബഹിഷ്കരിച്ചതെന്ന് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എം .ദിലീപ് ഖാൻ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സംവിധാനവുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായാണ് അറിവ്. അതിനിടെ യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ഒരു വിഭാഗം പ്രവർത്തകർ കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.
അതേസമയം മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ടി.സിദ്ദിഖ് സമ്മതിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണന്നും പുതിയ ഡിസിസി പ്രസിഡന്റിന്റെ കീഴിൽ താനുൾപ്പെടെ ഇരുന്ന് വിഷയങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കാൻ ചില സാങ്കേതിക പ്രശ്നങ്ങളാണ് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.