മാഹി: മാഹി പാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്റെ മുകളിലെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റുകൾ കോൺക്രീറ്റ് തകർന്ന് പുറത്തായ നിലയിലായി.
അങ്ങിങ്ങ് കുണ്ടും കുഴിയും രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിൽ കയറിയാൽ വേഗത കുറയ്ക്കുന്നതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുകയാണ്.
കഴിഞ്ഞ വർഷം നവംബറിൽ 11.60 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിന് മുകളിൽ മെക്കാഡം ടാറിംഗും ചെയ്തിരുന്നു. മെക്കാഡം ടാർ ചെയ്യുവാൻ ഉപരിതലം നീക്കം ചെയ്തപ്പോൾ വിള്ളലുകൾ കണ്ടെത്തിയിരുന്നു.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പാലം വിദഗ്ദമായി പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
1971 ൽ തൂണുകൾ നില നിർത്തി പാലത്തിന്റെ മേൽ ഭാഗം പുതുക്കിപ്പണിതിരുന്നു. ഇതിൽ പിന്നീട് തൂണുകൾക്കും അടിഭാഗത്തും തകരാറുകൾ കാണപ്പെട്ടതിനാൽ 2003 ലും 2005 ലും അറ്റകുറ്റപ്പണികൾ നടത്തി.
പിന്നീട് ബീമുകൾക്ക് താഴെ നീണ്ട വിള്ളലുകളും പ്രത്യക്ഷപ്പെട്ടു.ഭാരം കുറയ്ക്കുവാൻ ഘടിപ്പിച്ച ബെയറിങ്ങുകൾ നഷ്ടപ്പെട്ടതായും കണ്ടെത്തി.
പിന്നീട് 2016 ൽ പത്ത് ദിവസത്തോളം പാലം അടച്ചിട്ട് ഗണൈറ്റിംങ്ങ് എന്ന ബലപ്പെടുത്തലും നടത്തി. 1933 ലാണ് ബ്രിട്ടീഷുകാർ മാഹി പാലം പണിതത്.
പാലത്തിന് 87 വയസ് പിന്നിട്ടിരിക്കുകയാണ്. മാഹി പാലത്തിന്റെ അപകടാവസ്ഥയ്ക്ക് നടപടി സ്വീകരിക്കണമെന്ന് പാലം സന്ദർശിച്ച യുഡിഎഫ് നേതാക്കൾ പറഞ്ഞു. എൻ.കെ. പ്രേമൻ, ടി.ആർ.റസാഖ്, അസ്ലം എന്നിവർ പാലം സന്ദർശിച്ചു.