ചാലക്കുടി: ജോലി ഒഴിവുണ്ടെന്ന പേരിൽ യുവാക്കളിൽനിന്നും പണം തട്ടിയെടുക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുസംഘങ്ങൾ സജീവം. വേക്കൻസിയുണ്ടെന്നു കണ്ട് ഇവരുമായി ബന്ധപ്പെടുന്പോൾ യുവാക്കൾക്ക് ഫോണ്‍ കോൾ വരും.
തുടർന്ന് ഓണ്‍ലൈനിൽ ഇന്റർവ്യൂ ചെയ്യും. ഡോക്യുമെന്റുകൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.
ഇതിനുശേഷം ഇവർ പറയുന്ന തുക രജിസ്ട്രേഷൻ ഫീസെന്നപേരിൽ ഇവരുടെ അക്കൗണ്ടിലേക്ക് അയയ്ക്കണം. 1500 രൂപ മുതൽ 2000 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.
പിന്നീട് വേക്കൻസി വരുന്പോൾ വിളിക്കാമെന്നു പറഞ്ഞ് അറിയിപ്പു വരും. കുറേനാൾ കാത്തിരുന്നശേഷം ബന്ധപ്പെടുന്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
എയർപോർട്ടിലും മറ്റു സ്ഥാപനങ്ങളിലും വേക്കൻസിയുണ്ടെന്നു കാണിച്ചാണ് തട്ടിപ്പ്. വലിയ തുക നഷ്ടപ്പെടാത്തതിനാൽ ആരുംതന്നെ പരാതിയുമായി മുന്നോട്ടു പോകാറില്ല.
ഇതാണ് ഇവരുടെ തന്ത്രം. ഇത്തരത്തിൽ നൂറുകണക്കിന് യുവാക്കളിൽനിന്നുമാണ് പണം തട്ടിയെടുക്കുന്നത്. എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് മുംബൈ ആസ്ഥാനമായ തട്ടിപ്പുസംഘം സജീവമാണ്.
നിരവധി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുസംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
രജിസ്ട്രേഷൻ ഫീസെന്ന പേരിൽ പണം തട്ടിയെടുത്ത് മുങ്ങുകയാണ് ഇവർ ചെയ്യുന്നത്.