സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപനകാലത്ത് അണുനശീകരണവും അതീജീവനത്തിന്റെ തൊഴിൽമാർഗമാണ്. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന ചൊല്ലിനെ അന്വർഥമാക്കി തൃശൂർ സ്വദേശി തൃക്കൂർ കുന്നുമ്മക്കര വീട്ടിൽ ബിജു പവിത്ര കോവിഡിനെ നേരിട്ടുകൊണ്ട് അതിജീവനത്തിന് പുതിയ മാർഗം കണ്ടെത്തുകയാണ്.
കോവിഡു കാലത്ത് കാ പത്തു തിന്നാൻ കോവിഡു തന്നെ വഴിയൊരുക്കിക്കൊടുത്തിരിക്കുകയാണ് ബിജുവിന്.
ചെയ്തുകൊണ്ടിരുന്ന തൊഴിൽ കോവിഡ് കാലത്ത് ഇല്ലാതായപ്പോഴാണ് ബിജു പവിത്രയുടെ മനസിൽ അണുനശീകരണം എന്ന ഐഡിയയുടെ ലഡു പൊട്ടിയത്. ഫയർഫോഴ്സും മറ്റുമായിരുന്നു അണുനശീകരണം കോവിഡിന്റെ തുടക്കത്തിൽ നടത്തിയിരുന്നത്.
കോവിഡ് വ്യാപിച്ചതോടെ കൂടുതലിടങ്ങളിൽ അണുനശീകരണവും കൂടുതലായി ആവശ്യം വന്നു. അതോടെ ബിജു രണ്ടും കല്പ്പിച്ച് അണുനശീകരണത്തിന് കളത്തിലിറങ്ങി.
കല്യാണങ്ങൾക്ക് കാറുകൾക്കുള്ള ഡെക്കറേഷൻ സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് കോവിഡ് വൈറസിനെ ഡിലീറ്റു ചെയ്യുന്ന പണിയിലേക്കൊരു മാറ്റം…
തൃക്കൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ.ഷീല വാസുവിൽ നിന്നാണ് ബിജു അണുനശീകരണത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങളും മനസിലാക്കിയത്.
അണുനശീകരണത്തിന് ഒരു കോഴ്സ് തന്നെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തുന്നുണ്ടെന്നത് ബിജുവിന് പുതിയ അറിവായിരുന്നു.
പിന്നെ നേരെ ഓണ്ലൈൻ വഴി ലോകാരോഗ്യസംഘടനയുടെ അണുനശീകരണ കോഴ്സായ ഫ്യൂമിഗേഷനെക്കുറിച്ച് മനസിലാക്കി പഠനവും തുടങ്ങി. പഠനം വിജയകരമായി പൂർത്തിയാക്കിയതോടെ ലോകാരോഗ്യസംഘടനയുടെ സർട്ടിഫിക്കറ്റും ബിജുവിന് കിട്ടി.
തൃക്കൂർ പ്രൈമറി ഹെൽത്ത് സെന്റർ തന്നെയായിരുന്നു ആദ്യ പണിയരങ്ങ്. അവിടെ ഡോക്ടർമാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായപ്പോൾ ഹെൽത്ത് സെന്റർ അണുനശീകരണം നടത്തിയത്. ബിജുവായിരുന്നു.
ബിജുവിന്റെ അണുനശീകരണ വീഡിയോ സുഹൃത്തുക്കളും മറ്റും പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചതോടെ ബിജുവിനെ തേടി പല വിളികളുമെത്തി.
കഴിഞ്ഞ ദിവസം പൂരപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആംബുലൻസുകൾ സൗജന്യമായി അണുവിമുക്തമാക്കി.
മിസ്റ്റ് സ്പ്രെയിംഗ് മെഷിനാണ് അണുനശീകരണത്തിന് ബിജു ഉപയോഗിക്കുന്നത്. മഞ്ഞുതുള്ളികൾ പോലെ അന്തരീക്ഷത്തിൽ നിന്നും പ്രതലങ്ങളിലേക്ക് പടരുന്ന സ്പ്രെയിംഗ് രീതിയാണിതിന്റേത്.
സിൽവർ ഹൈഡ്രജൻ പെറോക്സൈഡാണ് സ്പ്രെയിംഗിന് ഉപയോഗിക്കുന്ന കെമിക്കൽ. വീടുകളിലും ഓഫീസുകളിലുമെല്ലാം അണുനശീകരണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്.
പതിനാലു ദിവസമാണ് ഒരു തവണ അണുവിമുക്തമാക്കിയാൽ അതിന്റെ ഗുണം നിലനിൽക്കുകയെന്ന് പറയുന്നു.