സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോണ്ഗ്രസ് വിട്ടു ബിജെപിയിൽ എത്തിയ മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. കോണ്ഗ്രസ് വിട്ടു ബിജെപിയിലെത്തിയ മറ്റൊരു നേതാവ് ടോം വടക്കനെ ബിജെപി ദേശീയ വക്താവായും നിയമിച്ചു.
കർണാടകയിൽനിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ യുവമോർച്ച ദേശീയ പ്രസിഡന്റാകും. കർണാടകയിൽനിന്നുള്ള രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ ദേശീയ വക്താവാകും.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, തൃണമൂൽ കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് എന്നിവരെ ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാരാക്കി. ഡൽഹിയിൽനിന്ന് അരവിന്ദ മേനോനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു.
കേരളത്തിൽനിന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ സംസ്ഥാന നേതാക്കളാരും പുതിയ ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംപിടിച്ചില്ല.
ജെ.പി. നഡ്ഡ അധ്യക്ഷനായി ചുമതലയേറ്റ് എട്ടു മാസത്തിനു ശേഷമാണ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കുന്നത്.
പന്ത്രണ്ട് ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹികൾ. ഭൂപേന്ദ്ര യാദവ്, കൈലാഷ് വിജയ്വർഗിയ എന്നിവരും പുതിയ ജനറൽ സെക്രട്ടറി പട്ടികയിലുണ്ട്.
ബിജെപി ഐടി സെല്ലിന്റെ മേധാവിയായി അമിത് മാളവ്യ തുടരും. സന്പിത് പാത്ര, രാജീവ് പ്രതാപ് റൂഡി എന്നിവരടക്കം 23 പേരാണ് ദേശീയ വക്താക്കൾ.