പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഫാർമസിയിൽ മരുന്നുവാങ്ങാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
ഇന്നലെ രാവിലെ11.30ഓടെയാണ് സംഭവം. പാതായ്ക്കര കോവിലകംപടി പഴയിടത്ത് അസ്കർ(38)നാണ് മർദനമേറ്റത്. ഭാര്യ സഹോദരനാണ് തന്നെ മർദിച്ചതെന്നും ഇരുന്പ് കൊണ്ടുള്ള വസ്തുകൊണ്ടാണ് പരിക്കേൽപ്പിച്ചതെന്നും അസ്കർ പറഞ്ഞു.
നെറ്റിക്കാണ് പരിക്കേറ്റത്. ചോരവാർന്നൊഴുകിയ നിലയിൽ ഇയാൾ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. ഭാര്യയുടെ വീട്ടുകാരുമായി ചെറിയ തർക്കം നിലനിന്നിരുന്നുവെന്നും അസ്കർ പറയുന്നു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മറികടന്നാണ് ഭാര്യാ സഹോദരൻ ആശുപത്രിക്ക് അകത്തെത്തിയത്. ആശുപത്രി വളപ്പിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായും പറയുന്നു.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.