മൂവാറ്റുപുഴ: കോവിഡ് വ്യാപനം മൂലം പൊറുതിമുട്ടിയ സാധാരണക്കാരന് ഇരുട്ടടിയായി പച്ചക്കറിക്കും മീനിനും മറ്റ് അവശ്യവസ്തുക്കൾക്കും വിലക്കയറ്റം.
പച്ചക്കറിയുടെ വില ഒരു മാസം മുന്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളമായാണ് കുതിച്ചുയർന്നത്. കോവിഡ് മൂലം വരുമാനം നിലച്ച സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിലക്കയറ്റമാണ് ഇപ്പോൾ വിപണയിലുള്ളത്.
മലയാളിയുടെ ഇഷ്ടപ്പെട്ട പച്ചക്കറിയിനങ്ങളുടെ വില ഇരട്ടിയായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂർക്ക -80, പയർ -70, വെണ്ടയ്ക്ക -70, തക്കാളി -60, ബീറ്റ്റൂട്ട് -50, കാരറ്റ് – 80, സവാള -48, കിഴങ്ങ് -50, ഉള്ളി -70 എന്നിങ്ങനെയാണ് വിലനിലവാരം.
തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് സംസ്ഥാനത്ത് കൂടുതലായും പച്ചക്കറിയെത്തുന്നത്. കോവിഡ് വ്യാപകമായ സാഹചര്യത്തിലുണ്ടായ ലോക്ക്ഡൗണ് മൂലം പച്ചക്കറികളുടെ ഉത്പാദനത്തിൽ വൻ ഇടിവാണ് അന്യ സംസ്ഥാനങ്ങളിലുണ്ടായിട്ടുളളത്.
അതിനാൽ നാമമാത്ര പച്ചക്കറികൾ മാത്രമേ ഇപ്പോൾ സംസ്ഥാനത്തേക്കു വരുന്നുള്ളു. വില നിശ്ചയിക്കുന്നതിൽ ഇടനിലക്കാർ സ്വാധീനം ചെലുത്തുന്നതും കേരളത്തിലെ വിപണികളിൽ പച്ചക്കറികളുടെ വില ക്രമാതീതമായി വർധിക്കുന്നതിനു മറ്റൊരു കാരണമാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നെടുക്കുന്ന വിലയുടെ ഇരട്ടി വിലയ്ക്കാണ് മൊത്തവില്പനക്കാർ ചില്ലറ വ്യാപാരികൾക്ക് പച്ചക്കറികൾ നൽകുന്നത്. സാധാരണ നിലയിൽ തിരുവോണനാളുകളിലാണ് വില വർധിക്കുന്നത്.
എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വില കുറയുകയും ചെയ്യും. തിരുവോണം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും വില വർധിച്ചുതന്നെ നിൽക്കുകയാണ്. ഇതോടെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
പച്ചമീനിന്റെ വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. കൊഴുവ -200, മത്തി -200, അയല -240, കിളി -240 എന്നിങ്ങനെയാണ് നിലവിലെ വില. തൊഴിൽക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ് വിലവർധനവ്.